| Friday, 13th June 2025, 9:39 pm

ഈ 28 വിക്കറ്റുകള്‍ വീണത് ഇന്ത്യയിലായിരുന്നെങ്കില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ കോലാഹലം സൃഷ്ടിക്കുമായിരുന്നു: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ 207 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് പ്രോട്ടിയാസ്.

282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്. നിലവില്‍ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ്ങിലാണ് സൗത്ത് ആഫ്രിക്ക. നിലവില്‍ 37 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് ആണ് പ്രോട്ടിയാസ് നേടിയിരിക്കുന്നത്. പ്രോട്ടിയാസിന് വേണ്ടി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 71* റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ തെംമ്പ ബാവുമ 40 റണ്‍സും നേടി ക്രീസിലുണ്ട്.

എന്നാല്‍ മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ വമ്പന്‍ വിക്കറ്റ് തകര്‍ച്ചയായിരുന്നു ഇരു ടീമുകളും നേരിട്ടത്. 28 വിക്കറ്റുകളാണ് ഇരു ടീമുകള്‍ക്കുമായി നഷ്ടമായത്. ഇതോടെ ലോഡ്‌സിലെ പിച്ചിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. രണ്ട് ദിവസത്തെ ടെസ്റ്റില്‍ ഇന്ത്യയിലാണ് ഈ 28 വിക്കറ്റുകള്‍ വീണിരുന്നതെങ്കില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒരു കോലാഹലം തന്നെ സൃഷ്ടിക്കുമായിരുന്നില്ലേ എന്ന് ചോപ്ര ചോദ്യമുന്നയിച്ചു. മാത്രമല്ല ബാറ്റിങ്ങിന് വളരെ ബുദ്ധിമുട്ടുള്ള പിച്ച് എങ്ങനെ അനുവദിക്കുമെന്നും മുന്‍ താരം തന്റെ യൂട്യൂബില്‍ പറഞ്ഞു.

‘ലോര്‍ഡ്‌സ് ടെസ്റ്റ് മത്സരത്തെക്കുറിച്ച് എനിക്ക് ഒരു വലിയ ചോദ്യം ഉണ്ടായിരുന്നു, രണ്ട് ദിവസത്തെ കളിയില്‍ ഇന്ത്യയില്‍ ഈ 28 വിക്കറ്റുകള്‍ വീണിരുന്നെങ്കില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒരു കോലാഹലം തന്നെ സൃഷ്ടിക്കുമായിരുന്നില്ലേ? അവര്‍ ഏതുതരം പിച്ചിലാണ് കളിക്കുന്നത്, പന്ത് തിരിയുകയും ബൗണ്‍സ് ചെയ്യുകയും ചെയ്യുന്നു, ബാറ്റിങ് വളരെ ബുദ്ധിമുട്ടായി മാറി, ഇത്തരം പിച്ചുകള്‍ എങ്ങനെ അനുവദിക്കാം?,’ ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ വിക്കറ്റാണ് പ്രോട്ടിയാസിന് തുണയായത്.

ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

Content Highlight: Akash Chopra Criticize Pitch In Lords For World Test Championship Final

We use cookies to give you the best possible experience. Learn more