| Thursday, 27th November 2025, 2:59 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്തില്ല; വിമര്‍ശനവുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ വിമര്‍ശിച്ച് ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററും മുന്‍ താരവുമായ ആകാശ് ചോപ്ര. പ്രോട്ടിയാസിനെതിരെയുള്ള തോല്‍വിയോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയെന്ന് ചോപ്ര പറഞ്ഞു.

മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ എത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അഥവാ യോഗ്യത നേടിയാല്‍ അത് അത്ഭുതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഓസ്ട്രേലിയക്കെതിരെ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളില്‍ വിജയിക്കുന്നത് ഇന്ത്യയ്ക്ക് അസാധ്യമായിരിക്കുമെന്നും ചോപ്ര പറഞ്ഞു.

ഇന്ത്യൻ ടീമും സൗത്ത് ആഫ്രിക്കൻ ടീമും
Photo: ബി.സി.സി.ഐ എക്സ്, പ്രോട്ടിയാസ് മെൻ എക്സ്

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്ങില്‍ നമ്മള്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്, ഫൈനലില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യോഗ്യത നേടിയാല്‍ അത് ഒരു അത്ഭുതമായിരിക്കും. ശ്രീലങ്കയ്ക്കെതിരെയും ന്യൂസിലന്‍ഡിനെതിരെയും, തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം നാട്ടില്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കാനും ഞങ്ങള്‍ തയ്യാറാണ്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളും ജയിക്കുക എന്നത് മിക്കവാറും അസാധ്യമാണെന്ന് തോന്നുന്നു. 50 ശതമാനത്തില്‍ താഴെയാണ് ഞങ്ങളുടെ പോയിന്റുകള്‍, അത് ഞങ്ങള്‍ക്ക് അത്ര നല്ലതല്ല,’ ചോപ്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് (നവംബര്‍ 26) ഇന്ത്യ സ്വന്തം മണ്ണില്‍ പ്രോട്ടിയാസിനെതിരെ 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയത്. 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 140 റണ്‍സിന് പുറത്താകുകയായിരുന്നു. മത്സരത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തോല്‍വിയെ ന്യായീകരിച്ച് സംസാരിച്ചിരുന്നു. ഇതോടെ പല മുന്‍ താരങ്ങളും ഗംഭീറിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു.

എന്നിരുന്നാലും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2027 വരെയാണ് ഗംഭീറിന്റെ കരാറെന്നും അതില്‍ മാറ്റമില്ലെന്നും ബി.സി.സി.ഐ പറഞ്ഞതായി എക്പ്രസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.

അതേസമയം ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 30ന് റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.

Content Highlight: Akash Chopra Criticize Indian Test Team

We use cookies to give you the best possible experience. Learn more