| Sunday, 8th February 2026, 10:42 am

വിക്കറ്റുകള്‍ വീഴുമ്പോള്‍ ജാഗ്രതയോടെ കളിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കണം; വിമര്‍ശനവുമായി ചോപ്ര

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ളുടെ വേഗത്തിലുള്ള പുറത്താകലിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

വിക്കറ്റുകള്‍ ഒന്നിനുപുറകെ ഒന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നെന്നും കളിക്കാര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല ഇങ്ങനെ വിക്കറ്റുകള്‍ വീഴുമ്പോള്‍ ജാഗ്രതയോടെ കളിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ എന്നിവരും പുറത്തായി, ഞങ്ങള്‍ തകര്‍ന്നെന്ന് തോന്നി. വിക്കറ്റുകള്‍ ഒന്നിനുപുറകെ ഒന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു, ഹര്‍ദിക് പുറത്തായപ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടി. കളിക്കാര്‍ അല്പം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇങ്ങനെ വിക്കറ്റുകള്‍ വീഴുമ്പോള്‍, ജാഗ്രതയോടെ കളിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കണം.

ഹര്‍ദിക് പാണ്ഡ്യയുടെ ഷോട്ട് ഒട്ടും ഓണായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.അഞ്ചോ ആറോ വിക്കറ്റുകള്‍ വീണിരിക്കുകയും ഇത്രയധികം ഓവറുകള്‍ ശേഷിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഓവര്‍ കവറില്‍ ഒരു സിക്‌സ് അടിക്കാന്‍ പ്രയാസമാകും. താരങ്ങളുടേത് മോശം ഷോട്ട് സെലക്ഷന്‍ ആയിരുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.

സൂര്യയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു.

അതേസമയം ലോകകപ്പില്‍ ഇനി ഇന്ത്യയുടെ മത്സരം ഫെബ്രുവരി 12നാണ്. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളി. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Akash Chopra Criticize Indian Players

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more