| Wednesday, 17th April 2019, 7:13 pm

സി.പി.ഐ.എമ്മിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കും; രാഹുല്‍ ഗാന്ധിയുടെ ഇടത് പ്രശംസയില്‍ ആശയകുഴപ്പമില്ലെന്ന് എ.കെ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തുപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടത് പ്രശംസയില്‍ ആശയകുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാജ്യത്തിന്റെ ഭരണ മാറ്റത്തിനാണ് മത്സരമെന്നും സംസ്ഥാനത്തെ ഭരണമാറ്റത്തിനല്ലെന്നും എ.കെ.ആന്റണി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആര്‍.എസ്എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്നും ഭരണഘടനാ സ്ഥാപനം തകര്‍ക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. എന്നാല്‍ ഇടതുപക്ഷം അങ്ങനെ ചെയ്തിട്ടില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയതായിരുന്നു രാഹുല്‍.

ദേശീയ തലത്തില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും ശബരിമല ഗുണം ചെയ്യുക കോണ്‍ഗ്രസിനെന്നും എ.കെ ആന്റണി പറഞ്ഞു.

സി.പി.ഐ.എമ്മിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും
സംസ്ഥാനത്താകെ രാഹുല്‍ തരംഗമാണെന്നും 1977 സമാന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും എ.കെ ആന്റണി കൂട്ടി ചേര്‍ത്തു.

കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഘപരിവാറിന്റെ ശബ്ദം മാത്രമേ എല്ലാവരും കേള്‍ക്കാന്‍ പാടുള്ളു എന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ എല്ലാവരുടെയും ശബദവും ആശയങ്ങളുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും താന്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും
അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരായ ഒരു പോരാട്ടത്തിലാണ് നമ്മളിപ്പോള്‍ എന്നാണ് രാഹുല്‍ ഗാന്ധി ഇംഗ്ലീഷില്‍ പറഞ്ഞത്. ഇതില്‍ ആര്‍.എസ്.എസ് എന്നതിനെ പി.ജെ കുര്യന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാക്കി തര്‍ജ്ജമ ചെയ്യുകയായിരുന്നു.

കേരളത്തില്‍ സി.പി.ഐ.എമ്മിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സംസാരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ പത്തനാപുരത്ത് സംസാരിച്ചപ്പോഴും രാഹുല്‍ സി.പി.ഐ.എമ്മിനെ ഒരു ഘട്ടത്തില്‍ പോലും വിമര്‍ശിച്ചിരുന്നില്ലയെന്നിരിക്കെയാണ് പി.ജെ കുര്യന്‍ രാഹുലിന്റെ വാക്കുകളെ തെറ്റായി തര്‍ജ്ജ ചെയ്തത്.

അതുപോലെ പ്രധാനമന്ത്രി പറയുന്നത് താന്‍ കാവല്‍ക്കാരനാണ്, ആരുടെ കാവല്‍ക്കാരന്‍? എന്ന് രാഹുല്‍ ചോദിച്ചത് പി.ജെ.പി കുര്യന്‍ ആരാണ് കാവല്‍ക്കാരന്‍ എന്നതരത്തിലാണ് തര്‍ജ്ജമ ചെയ്തത്.

We use cookies to give you the best possible experience. Learn more