| Saturday, 3rd January 2026, 2:42 pm

സന്തോഷത്തെക്കാള്‍ അഖില്‍ പറഞ്ഞ കാര്യത്തോട് എനിക്ക് ഭയമാണ്; ആളുകള്‍ തെറ്റായ രീതിയിലും എടുക്കും: അജു വര്‍ഗീസ്

ഐറിന്‍ മരിയ ആന്റണി

ഇന്നസെന്റും നെടുമുടി വേണുവുമൊക്കെ ഒഴിച്ചിട്ട സ്‌പേസിലാണ് അജു വര്‍ഗീസിനെ താന്‍ ഇപ്പോള്‍ കാണുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അഖില്‍ സത്യന്‍ പറഞ്ഞിരിന്നു. അതില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ അജു വര്‍ഗീസ്.

അഖില്‍ പറഞ്ഞതിനോട് തനിക്ക് സന്തോഷത്തെക്കാള്‍ കൂടുതല്‍ ഭയമാണ് ഉള്ളതെന്നും സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് അത്തരം ഒരു സ്റ്റേറ്റ്‌മെന്റിനെ ആളുകള്‍ ശരിയായ രീതിയില്‍ അല്ല എടുക്കുകയെന്നും അജു പറഞ്ഞു.

അജു വര്‍ഗീസ് Photo: screengrab/ Manorama news

ഒരു നമ്പര്‍ അറിയുന്ന താനും നൂറില്‍ നൂറ് നമ്പറുകളും അറിയാവുന്ന ഈ വ്യക്തിത്വങ്ങളും തമ്മില്‍ ഒരു രീതിയിലും താരതമ്യപ്പെടുത്താന്‍ കഴയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് എന്നെക്കാള്‍ നന്നായി അഖിലിനുമറിയാം. ഒരു ലിറ്ററല്‍ സെന്‍സിലല്ല അഖില്‍ അത് പറഞ്ഞത്. സുന്ദരനായിട്ടൊരു ആണ്‍കുട്ടി നടന്നു വരുമ്പോള്‍ നിന്നെ കാണാന്‍ മമ്മൂട്ടിയെ പോലെയുണ്ടെന്ന് നമ്മള്‍ പറഞ്ഞിട്ടുണ്ടാകും. അതിനര്‍ത്ഥം മമ്മൂക്കയെ പോലെയാണന്നല്ല.

ഉടനെ അയാളെ പിടിച്ച് മമ്മൂക്ക ആക്കുകയല്ല. അങ്ങനെ പറയുന്നത് ഒരു തരം എക്‌സ്പ്രഷന്‍ ഓഫ് ലൗവാണ്. അങ്ങനെയൊരു കാര്യം അഖില്‍ എന്നോട് ഷെയര്‍ ചെയ്യുന്നത്, അദ്ദേഹം  വളരെ എക്‌സ്പ്രസീവായ വ്യക്തിയായതുകൊണ്ടാണ്,’ അജു വര്‍ഗീസ് പറഞ്ഞു.

വ്യക്തിപരമായി അഖില്‍ പറഞ്ഞതിനെ ഒരു കോപ്ലിമന്റായാണ് താന്‍ എടുക്കുന്നതെന്നും പുറത്ത് ആളുകള്‍ക്ക് അത് അങ്ങനെ എടുക്കേണ്ട ആവശ്യമില്ലെന്നും അജു പറഞ്ഞു. പ്രേക്ഷകര്‍ അങ്ങനെയൊരു സെന്‍സില്‍ എടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജു വര്‍ഗീസ് ഭാഗമായ സര്‍വ്വം മായ തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ രൂപേഷ് നമ്പൂതിരി എന്ന കഥാപാത്രമായാണ് അജു എത്തിയത്. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമെന്ന പ്രത്യേകതയും സര്‍വ്വം മായക്കുണ്ട്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ആരംഭിച്ച അജു വര്‍ഗീസിന് പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു. തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, അടി കപ്യാരെ കൂട്ടമണി തുടങ്ങി ഒരു സമയത്ത് മിക്ക സിനിമകളിലും അജു നിറഞ്ഞു നിന്നിരുന്നു.

തുടക്കത്തില്‍ ഹാസ്യ കഥാപാത്രമായി തിളങ്ങിയ അജു പിന്നീട് സീരിയസ് വേഷങ്ങളും ഇണങ്ങുമെന്ന് തെളിയിച്ചു.

Content Highlight: Aju Varghese talks about the compliment given by Akhil Sathyan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more