മലയാള സിനിമയിൽ 15 വർഷങ്ങൾ പൂർത്തിയാക്കുകയും 150-ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത് ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ എങ്ങനെയാണ് സമീപിക്കുന്നതെന്നും, തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും മനസുതുറക്കുകയാണ് അജു വർഗീസ്. യു.ഇൻ.യു എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
അജു വർഗീസ്.photo.screen grab/youtube
‘ജീവിതത്തിൽ മാറ്റങ്ങൾക്ക് വേണ്ടി ഞാൻ തയ്യാറാണ്, അതുകൊണ്ടുതന്നെയാണ് സിനിമയിൽ നിലനിന്നു പോകുന്നതും. പിന്നെ അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നതാണ് സേഫ്. അതൊരുപക്ഷേ എന്നെ ശീലിപ്പിച്ചത് എന്റെ അച്ഛനായിരുന്നു. സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ഞാൻ അങ്ങനെ സംശയങ്ങളൊന്നും ചോദിക്കുന്ന ഒരാളല്ലായിരുന്നു. പക്ഷേ സിനിമയിലേക്ക് വന്നപ്പോൾ അങ്ങനെയല്ല, കാരണം നമുക്ക് ഇഷ്ടമുള്ള കാര്യമാണ് സിനിമ.
‘കൊവിഡിന്റെ സമയത്തൊക്കെ ഞാൻ ബാങ്ക് ബാലൻസ് നോക്കുമ്പോൾ കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല, ഞാൻ മൊറട്ടോറിയം ഒക്കെ എടുത്തിട്ടുണ്ടായിരുന്നു. സിനിമ നടനാണെന്ന ഒരു പേരുണ്ട്, പോപ്പുലറുമാണ്. കാരണം മലയാളം ഇൻഡസ്ട്രിയിൽ അജു വർഗ്ഗീസ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ വലിയ നടനാണോ എന്ന് ചോദിച്ചാൽ അതും അല്ല. അപ്പോൾ കാശുമില്ല, വലിയ നടനുമല്ല.
ജീവിക്കാൻ കാശ് വളരെ അത്യാവശ്യമാണ്, പക്ഷേ എന്നാലും ഞാൻ പണത്തിന് പുറകെ മാത്രം പോകുന്ന ആളല്ല. ഒരു 95 ശതമാനവും ഞാൻ കാശിനുവേണ്ടിയല്ല സിനിമകൾ ചെയ്യാറുള്ളത്. കൂടാതെ, ഒരു മൂന്ന് വർഷത്തിനിടയിൽ ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ രീതി സിനിമയിൽ റിപ്പീറ്റ് ചെയ്യരുതെന്നുണ്ട്. ഉദാഹരണത്തിന് ഒരു കൂട്ടുകാരന്റെ വേഷമാണെങ്കിൽ, അതേ പാറ്റേണിലുള്ള മറ്റൊരു കൂട്ടുകാരന്റെ വേഷം അടുത്ത മൂന്ന് വർഷത്തേക്ക് ഞാൻ ചെയ്യില്ല. ഒരു കഥാപാത്രത്തിനായി പരമാവധി മൂന്ന് വർഷം കൊടുക്കാം, അതിൽ കൂടുതൽ സമയം കൊടുത്താൽ പിന്നീട് വേഷങ്ങൾ തന്നെ കിട്ടാതെയാകും.
ഒരു നല്ല കഥാപാത്രം വന്നാൽ ചെയ്യാം, അല്ലെങ്കിൽ അത് വരെ കാത്തിരിക്കാം എന്നൊരു രീതിയിലാണ് മുന്നോട്ടുപോകുന്നത്. കുടുംബത്തിന്റെ ഭാഗത്തുനിന്നും നല്ല സപ്പോർട്ട് ഉണ്ട്. പക്ഷേ അതിന്റെ വേറൊരു വശം എന്തെന്നാൽ പഴയ ലക്ഷ്വറിയൊക്കെ ചിലപ്പോൾ കുറയും, എങ്കിലും എന്റെ ജീവിതം അത്ര ലക്ഷ്വറി അല്ലാത്തതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല,’ അജു വർഗ്ഗീസ് പറഞ്ഞു.
അജു വർഗീസ് .photo.screen grab/youtube