| Tuesday, 8th July 2025, 2:27 pm

മലര്‍വാടിയുടെ സമയത്ത് പലപ്പോഴും 'അയ്യയ്യോ ഇതെന്ത് സിനിമ'യെന്ന് ചിന്തിച്ചു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കുട്ടു എന്ന കഥാപാത്രമായിട്ടായിരുന്നു അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചിരുന്നത്.

ഇപ്പോള്‍ താന്‍ കണ്ട് മനസിലാക്കിയ സിനിമയും താന്‍ നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്ത സിനിമയും വ്യത്യസ്തമായിരുന്നുവെന്ന് പറയുകയാണ് അജു വര്‍ഗീസ്. വനിതയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യത്തെ കുറച്ച് ദിവസം ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. സിനിമ എന്താണെന്ന് അറിയാനുള്ള എക്‌സൈറ്റ്‌മെന്റായിരുന്നു എനിക്ക്. അറിയാത്ത കാര്യങ്ങളാണല്ലോ അവിടെ പോയിട്ട് ചെയ്യുന്നത്.

മലര്‍വാടിയില്‍ മുഴുവനും നമ്മള്‍ അറിയാത്ത കാര്യങ്ങളായിരുന്നു ചെയ്തിരുന്നത്. ഞങ്ങളുടെ ശരീരം തന്നെ ആകെ ക്ഷീണിക്കുമായിരുന്നു. നമ്മള്‍ 43 ദിവസമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അതില്‍ ഏകദേശം 27 ദിവസം രാത്രിയും പകലും ഒരുപോലെ ഷൂട്ടിങ്ങുണ്ടായിരുന്നു.

രാവിലെ അഞ്ചരയ്ക്ക് ഷൂട്ട് തുടങ്ങിയാല്‍ പിന്നെ അടുത്ത ദിവസം ആറ് മണിക്കാണ് മുറിയില്‍ തിരിച്ച് വരുന്നത്. ചിലപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ഷൂട്ടിങ്ങിന് പോകേണ്ടി വരും. അങ്ങനെ ഒരു 27 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു.

അടുപ്പിച്ചല്ല, ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം അതില്‍ മാറ്റമുണ്ടാകുമായിരുന്നു. ഈ അനുഭവം വളരെ പുതിയതായിരുന്നു. ‘അയ്യയ്യോ ഇതെന്ത് സിനിമ’യെന്ന് ഞാന്‍ ചിന്തിച്ച പോയിന്റ് വരെ ഉണ്ടായിരുന്നു.

നമ്മള്‍ സിനിമയെന്ന് പറയുമ്പോള്‍ കുറച്ചുകൂടി സുഖമായ സംഭവമായിട്ടല്ലേ കാണുന്നത്. കുറച്ചുകൂടി സുഖമായ എന്ന് പറയാന്‍ ആവില്ല, വളരെ സുഖമായ സംഭവമായിട്ടാണ് കരുതിയത്. സുഖസൗകര്യങ്ങളില്‍ ചെയ്യുന്ന ജോലി ആയിട്ടാണ് ഞാന്‍ സിനിമയെ കണ്ടിരുന്നത്.

പക്ഷെ ഇവിടെ ആക്ഷനും കട്ടിനും ഇടയില്‍ ഫേക്ക് ചെയ്യാതെ ചെയ്യണമായിരുന്നു. കണ്ട് മനസിലാക്കിയ സിനിമയും ഞാന്‍ നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്ത സിനിമയും വ്യത്യസ്തമായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Malarvaadi Arts Club Movie Experience

We use cookies to give you the best possible experience. Learn more