| Monday, 7th July 2025, 2:35 pm

അന്ന് ധ്യാന്‍ ഫോണ്‍ എടുത്തിരുന്നെങ്കില്‍ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായേനേ: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത്2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. വിശാഖ് സുബ്രഹ്‌മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരുന്നത്.

ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ധ്യാനിന്റെ സ്മാര്‍ട്ട്നെസാണ് നയന്‍താരയെ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലേക്ക് എത്തിച്ചതെന്നും ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ നയന്‍താര നായികയാകുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണവും ഒപ്പം ഏറ്റവും വലിയ റിസ്‌കുമെന്നും അജു വര്‍ഗീസ് പറയുന്നു. നൂറു ശതമാനം പ്രൊഫഷനലും നൂറു ശതമാനം സെന്‍സിറ്റീവുമാണ് നയന്‍താരയെന്നും അദ്ദേഹം പറഞ്ഞു.

താനും നിവിനും നയന്‍താരയും കൂടി കോംബിനേഷന്‍ സീന്‍ ചെയ്യുമ്പോള്‍ അവരോട് കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചുവെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ലവ് ആക്ഷന്‍ ഡ്രാമ 2 വിനെക്കുറിച്ച് വരെയുള്ള ചര്‍ച്ചകള്‍ ഉണ്ടായെന്നും ധ്യാന്‍ അപ്പോള്‍ സെറ്റിലില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ധ്യാനിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും ഫോണ്‍ എടുത്തിരുന്നെങ്കില്‍ ലവ് ആക്ഷന്‍ ഡ്രാമക്കൊരു രണ്ടാം ഭാഗം സംഭവിക്കുമായിരുന്നുവെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധ്യാനിന്റെ സ്മാര്‍ട്ട്‌നെസാണ് നയന്‍താരയെ ആ സിനിമയിലേക്ക് എത്തിച്ചത്. ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ നയന്‍താര നായികയാകുന്നു. അതായിരുന്നു പ്രധാന ആകര്‍ഷണം. ഒപ്പം ഏറ്റവും വലിയ റിസ്‌കും. നൂറു ശതമാനം പ്രഫഷനലും നൂറു ശതമാനം സെന്‍സിറ്റീവുമാണ് നയന്‍താര. കുറ്റം പറയാന്‍ പറ്റില്ല. അത്രയും കഷ്ടപ്പെട്ടാണ് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് അവര്‍ എത്തിയത്. ആ ബഹുമാനം കൊടുത്തുകൊണ്ടാണു ഞാന്‍ നിന്നത്.

ഒരു ദിവസം ഞാനും നിവിനും നയന്‍താര മാഡവും കൂടി കോംബിനേഷന്‍ സീന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചു. അവരുടെ പ്രൊഫൈലില്‍ നിന്നുകൊണ്ട് ‘ഒരു അജു വര്‍ഗീസിനോട്’ വിശേഷങ്ങള്‍ പങ്കുവയ്‌ക്കേണ്ട കാര്യം ഇല്ല. പക്ഷേ, അന്ന് കുറേ സംസാരിച്ചു. ലവ് ആക്ഷന്‍ ഡ്രാമ 2 നെക്കുറിച്ചു വരെ ചര്‍ച്ച ചെയ്തു. അപ്പോള്‍ ധ്യാന്‍ സെറ്റിലില്ല. ആ നിമിഷം ഞാനവനെ വിഡിയോകോള്‍ ചെയ്തു. ഫോണ്‍ എടുത്തില്ല. അതൊരു മൊമന്റ്‌റ് ആയിരുന്നു. ഫോണ്‍ എടുത്തിരുന്നെങ്കില്‍ കഥ പോലും കേള്‍ക്കാതെ ആ പ്രൊജക്ട് ഓണ്‍ ആയേനെ,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju varghese talks  about love action drama

We use cookies to give you the best possible experience. Learn more