വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ് മലയാള സിനിമയിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും കഥ പറഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയെന്ന് മാത്രമല്ല, ഒരു കൂട്ടം പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അതിലൊന്നായിരുന്നു മലർവാടിയിലെ കുട്ടു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അജു വർഗീസ്.
അജു വർഗീസ്.screen grab/youtube
കേവലമൊരു സിനിമാ സൗഹൃദത്തിനുമപ്പുറം, തനിക്ക് വിനീത് ശ്രീനിവാസനുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ. യു. ഇൻ.യു എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
‘മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം വിനീത് ശ്രീനിവാസനുമായുള്ള എന്റെ ബന്ധം സൗഹൃദത്തിനും മുകളിലായി മാറി. അവൻ എന്റെ ഒരു മെന്ററാണ്, ഗുരുവാണ് അതിലുപരി എനിക്ക് ഒരു ജീവിതം തന്ന ആളാണ്. അവനോടുള്ള കടപ്പാട് പറഞ്ഞുതീർക്കാൻ പറ്റില്ല, അത് അങ്ങനെ തന്നെയാണ്. നമുക്ക് നല്ല വേഷങ്ങൾ തരുന്ന മറ്റ് സംവിധായകരോടും നിർമ്മാതാക്കളോടും എഴുത്തുകാരോടുമെല്ലാം ഇതേ ബഹുമാനവും അടുപ്പവുമൊക്കെത്തന്നെയാണ് ഉള്ളത്. എങ്കിലും നമുക്ക് ആദ്യമായി അവസരം തന്ന ചിത്രം എന്ന നിലയിൽ മലർവാടി ആർട്സ് ക്ലബ്ബ് എനിക്ക് എന്നും സ്പെഷ്യൽ ആണ്.
ആ ഒരു പ്രത്യേക കടപ്പാട് എനിക്ക് എപ്പോഴും വിനീതിനോടുണ്ട്. അതുകൊണ്ട് തന്നെ പുള്ളിയുടെ അടുത്ത് പോകുമ്പോൾ എനിക്ക് ആ ഒരു ചിന്ത വരാറുണ്ട്. പിന്നെ വിനീതിന് കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരാൻ അറിയാം. കാരണം സിനിമയെക്കുറിച്ച് ഒന്നും അറിയാതിരുന്ന നമുക്ക് അതിന്റെ അടിസ്ഥാന കാര്യങ്ങളൊക്കെ പറഞ്ഞു തന്നത് അവനാണല്ലോ. മലർവാടി ആർട്സ് ക്ലബ്ബിലൂടെ വിനീത് കൊണ്ടുവന്ന കുട്ടികൾ അവർ ഇപ്പോൾ കുട്ടികളെല്ലെങ്കിലും, വിനീതിന്റെ പിള്ളേർ എന്ന അഡ്രസ് ഈ ഇൻഡസ്ട്രിയിൽ ഞങ്ങളെ ഒക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്,’ അജു വർഗീസ് പറഞ്ഞു.
വിനീത് ശ്രീനിവാസൻ .photo.screen grab/youtube