| Monday, 11th August 2025, 7:39 am

അളിയാ, സ്റ്റേറ്റ് അവാര്‍ഡ് ഉറപ്പാണെന്ന് ഞാന്‍ സൗബിനോട് പറഞ്ഞിട്ടുണ്ട്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിക്ക് സുപരിചിതനായ നടനാണ് അജു വര്ഗീസ്. തുടക്കത്തില്‍ ഹാസ്യവേഷങ്ങള്‍ ചെയ്ത അദ്ദേഹം പിന്നീട് സീരിയസ് റോളുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോള്‍ നടന്‍ സൗബിനെ കുറിച്ചും ഹിറ്റായി മാറിയ ‘മോണിക്കാ’ ഗാനത്തെ കുറിച്ചും സംസാരിക്കുകയാണ് അജു വര്‍ഗീസ്. ആദ്യം മുതല്‍ക്കെ തന്നെ സൗബിന്റെ ഫാനാണെന്ന്  പറഞ്ഞാണ് അജു തുടങ്ങിയത്.

‘എന്റെ പ്രിയപ്പെട്ട സിനിമകളാണ് സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി, ഇലവീഴ പൂഞ്ചിറയൊക്കെ. ഒരു സംശയവും ഇല്ല ഇത് മൂന്നും സൗബിന്റെ ഐക്കോണിക് പെര്‍ഫോമന്‍സാണ്. സുഡാനി കണ്ട് ഞാന്‍ സൗബിനെ വിളിച്ചിരുന്നു. ‘അളിയാ പടത്തിന് സ്റ്റേറ്റ് അവാര്‍ഡാണ്’ എന്നാണ് ഞാന്‍ പറഞ്ഞത്.

അദ്ദേഹം ഇപ്പോള്‍ സൂപ്പര്‍സ്റ്റാറിന്റെ സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത്. ആ സിനിമയില്‍, പണിയെടുത്താണ് സൗബിന്‍ വിന്‍ ചെയ്തത്, ചുമ്മാതെ ഒന്നും അല്ല. ആ പാട്ടില്‍ നന്നായി പെര്‍ഫോം ചെയ്തു. ഡാന്‍സിലൂടെ എല്ലാവരെയും ഫാനാക്കി. ഇപ്പോഴും നമ്മള്‍ക്ക് ആ തരിപ്പുണ്ട്. അവര് നന്നായി കട്ട് ചെയ്തിട്ടുണ്ട് ആ പാട്ട്. പിന്നെ നല്ല എഡിറ്റും, കൊറിയോഗ്രാഫിയുമായിരുന്നു. അതൊരു ഭയങ്കര മൊമെന്റായിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കൂലിയിലെ ‘മോണിക്കാ’ എന്ന ഗാനം റിലീസ് ചെയ്തത്. പൂജ ഹെഡ്ഗേ അതിഥി വേഷത്തില്‍ എത്തിയ ഗാനത്തില്‍ തന്റെ ചുവടുകള്‍കൊണ്ട് സ്‌കോര്‍ ചെയ്ത സൗബിനെയാണ് പ്രേക്ഷകര്‍ കണ്ടത്. അനിരുദ്ധിന്റെ ബീറ്റുകള്‍ക്കൊപ്പം സൗബിന്റെ ചുവടുകളും ഗാനത്തെ മികച്ച അനുഭവമാക്കി മാറ്റി.

പാട്ടിന് പിന്നാലെ സൗബിന്റെ ഡാന്‍സിനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. പൂജ ഹെഗ്‌ഡെയുടെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കിട്ടിയത് സൗബിന്‍ ഷാഹിറിന്റെ കിടിലം നൃത്ത ചുവടുകളായിരുന്നു.

Content Highlight: Aju Varghese talks about actor Soubin and the hit song Monica

We use cookies to give you the best possible experience. Learn more