| Monday, 5th January 2026, 10:05 am

എന്റെ 15 വര്‍ഷത്തെ കരിയറില്‍ ഞാന്‍ പങ്കെടുത്ത ഏറ്റവും വലിയ ഓഡിയോ ലോഞ്ച്: അജു വര്‍ഗീസ്

അശ്വിന്‍ രാജേന്ദ്രന്‍

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയിലൂടെ മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍ അജു വര്‍ഗീസ്. മലയാളത്തിലെ കൈയ്യടി നേടുന്ന പ്രകടനത്തിനു പിന്നാലെ തമിഴിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയാണ് താരം.

സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാന്‍ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്ന മൂണ്‍വാക്ക് ആണ് അജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ തമിഴ് ചിത്രം. മനോജ് എന്‍.എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നൃത്തരാജാവെന്ന് അറിയപ്പെടുന്ന പ്രഭു ദേവയാണ് നായകനായെത്തുന്നത്.

മൂണ്‍വാക്ക് . Photo: theatrical poster

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പരന്ദു പി.ഒ യിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച അജു വര്‍ഗീസിന്റെ കരിയറിലെ രണ്ടാമത്തെ തമിഴ് ചിത്രമാണ് മൂണ്‍വാക്ക്. പ്രഭുദേവയുടെ നൃത്തചുവടുകളും എ.ആര്‍ റഹ്‌മാന്റെ സംഗീത വിരുന്നുമായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. പരിപാടിക്കിടെ അജു വര്‍ഗീസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘എന്റെ 15 വര്‍ഷത്തെ സിനിമാ കരിയറില്‍ ഞാന്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ഓഡിയോ ലോഞ്ചാണിത്. ഇത് എന്നെ സംബന്ധിച്ച് ഏറെ അനുഗ്രഹീതമായ ദിവസമാണ്. എന്നോടൊപ്പം എന്റെ കുടുംബവും ഇന്നിവിടെ ഇവന്റിന് എത്തിച്ചേര്‍ന്നിട്ടുണ്ട്, ഒരുപാട് സന്തോഷകരമായ കാര്യമാണിത്’ താരം പറഞ്ഞു.

മൂണ്‍വാക്ക് . Photo: Character poster

ചിത്രത്തില്‍ വേഷമിട്ട തമിഴ് താരം യോഗി ബാബുവിനെക്കുറിച്ചും അജു പരാമര്‍ശിച്ചു. യോഗി ബാബു അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയിലെ വേഷം വളരെ പ്രത്യേകതയുള്ളതാണെന്നും താരം പറഞ്ഞു. എ.ആര്‍ റഹ്‌മാനും പ്രഭുദേവയും അഭിനയിക്കുന്ന ചിത്രത്തില്‍ ഇരുവരുടെയും ഫാന്‍ബോയിയായ തനിക്ക് അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അജു കൂട്ടിച്ചേര്‍ത്തു.

എണ്‍പതുകളില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ റെഡിന്‍ കിങ്‌സ്‌ലി, അര്‍ജുന്‍, അശോകന്‍, മൊട്ട രാജേന്ദ്രന്‍, സാറ്റ്‌സ്, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ബിഹൈന്‍ഡ്‌സ് സ്ഥാപകനായ മനോജ് എന്‍.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. ലോര്‍ഡ് മാത്യു എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്.

Content Highlight: Aju varghese speech in Moonwalk movie audio launch

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more