മലയാള സിനിമയിലെ ഹാസ്യ-സ്വഭാവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അജു, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറി.
നായകന്റെ ഉറ്റസുഹൃത്തായി എത്തി, സ്വന്തം ശരീരഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുക എന്നതാണ് അജുവിന്റെ പ്രധാന സവിശേഷത. ഇപ്പോൾ തന്റെ സിനിമയിലെ സ്വപ്നങ്ങളെ കുറിച്ചും താൻ സിനിമയിൽ എങ്ങനെ ഓർമിക്കപ്പെടണം എന്നും തുറന്ന് പറയുകയാണ് അജു വർഗീസ്. ഫറ ഷിബില എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു.
അജു വർഗീസ്.Photo:Cinema Express
‘കഥാപാത്ര വേഷങ്ങൾ ചെയ്യുക’ എന്നതാണ് എന്റെ പ്രധാന ആഗ്രഹം. ക്യാരക്ടർ റോളുകൾ എന്ന് പറയുമ്പോൾ അതിൽ എല്ലാത്തരം വികാരങ്ങളും (ഇമോഷൻസ്) പ്രകടിപ്പിക്കാൻ സാധിക്കും. നായകന്മാർക്ക് അത് ലഭിക്കാറില്ല എന്നല്ല, പക്ഷേ കഥാപാത്ര വേഷങ്ങൾക്ക് പല രൂപങ്ങൾ സ്വീകരിക്കാൻ കഴിയും; ചിലപ്പോൾ അമ്മാവനാകാം, അല്ലെങ്കിൽ പല പ്രായത്തിലുള്ള വേഷങ്ങൾ ചെയ്യാം. കൂടുതൽ ചെറുപ്പമായി നിൽക്കാനും സാധിക്കും. ഒരു സിനിമയിൽ മാത്രമല്ല, പലതരം പ്രകടനങ്ങളിലൂടെ ഈ വികാരങ്ങളെല്ലാം കടന്നുവരും.
അത്തരം വികാരങ്ങളൊക്കെ യാതൊരു ഭയമോ അനാവശ്യ ചിന്തകളോ ഇല്ലാതെ ‘സ്വിച്ച് ഇട്ടപോലെ’ അനായാസം പുറത്തെടുക്കാൻ കഴിയണം എന്നതാണ് എന്റെ ആഗ്രഹം. അത് സാധിച്ചെടുത്ത ഒരാളാണ് ഞാൻ എന്ന് പറയാൻ പറ്റിയാൽ വളരെ നന്നായിരിക്കും.
അജു വർഗീസ്.Photo:X.com
പക്ഷേ, അത് വളരെ കഠിനമായ കാര്യമാണ്. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ തികച്ചും ബ്ലാങ്ക് ആയിട്ടാണ് നിൽക്കുന്നത്. മുൻപ് സീനിയർ നടന്മാർ എങ്ങനെയാണ് ചെയ്തതെന്ന് ഓർത്തുനോക്കിയാണ് ഞാൻ ഓരോ ഫ്രെയിമും ഡിസൈൻ ചെയ്യുന്നത്.
എന്നാൽ അതൊക്കെ സ്വന്തമായൊരു രീതിയിൽ നിന്ന് തുടങ്ങാനാണ് എനിക്ക് ആഗ്രഹം. അങ്ങനെ കുറച്ച് നല്ല സിനിമകൾ ചെയ്യണം. ധൈര്യമായി കഥാപാത്രങ്ങൾ ഏൽപ്പിക്കാൻ പറ്റിയ ഒരു നടനായിരുന്നു ഞാൻ എന്ന് ആളുകൾ പറയുകയാണെങ്കിൽ, അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം, അജു വർഗീസ് പറയുന്നു.
Content Highlight: Aju Varghese speaks on his cinematic legacy