മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നസ്‌ലെന പ്രധാന വേഷത്തിലെത്തിയ മോളിവുഡ് ടൈംസ്. സിനിമാ മേഖലയിലെ അണിയറ രഹസ്യങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങൾ മലയാള സിനിമയിലെ ചില പ്രമുഖ വ്യക്തികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇതൊരു ബയോപിക് ആണെന്നുമുള്ള തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ പ്രധാനമായും ഉയർന്നുവന്നത്. ഈ ചർച്ചകളെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് അജു വർഗീസ്.
അജു വർഗീസ്.photo.screen grab/youtube
‘എനിക്ക് അഭിനവിനെ വ്യക്തിപരമായി അറിയില്ല, ഗോദ സിനിമയുടെ എഡിറ്റർ ആയിരുന്നു അദ്ദേഹം, അങ്ങനെയുള്ള ഒരു പരിചയം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ മുമ്പത്തെ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എനിക്ക് വളരെ ഗംഭീരമായ ഒരു സിനിമയായിട്ടാണ് തോന്നിയത്. എന്നാൽ മോളിവുഡ് ടൈംസ് എനിക്ക് ആരുടെയും ഒരു ബയോപിക് ആയി തോന്നിയിട്ടില്ല, ബാക്കിയൊക്കെ സോഷ്യൽ മീഡിയയിലെ വെറും ചർച്ചകൾ മാത്രമാണ്.
നമ്മൾ തന്നെ ഇവിടെയിരുന്ന് ഹോളിവുഡ് സിനിമകളെക്കുറിച്ചും അവിടുത്തെ താരങ്ങളെക്കുറിച്ചും എത്രയോ സംസാരിച്ചിട്ടുണ്ട്, അവരൊക്കെ ഇതറിഞ്ഞിട്ടാണോ നമ്മൾ സംസാരിച്ചത്. അതല്ലെങ്കിൽ ആളുകൾ ചായക്കടകളിൽ ഇരുന്ന് എത്രയോ രാഷ്ട്രീയ ചർച്ചകൾ നടത്താറുണ്ട്, അതിനനുസരിച്ച് നിയമസഭയിൽ എന്തെങ്കിലും മാറ്റങ്ങൾ വരാറുണ്ടോ, ഇല്ല. ഈ ചർച്ചകളെയും അതുപോലെ കണ്ടാൽ മതിയാകും.ഇതൊരു രസകരമായ കാര്യമാണ്, ഇത്തരം ചർച്ചകൾ ഉണ്ടാവുക തന്നെ വേണം. കാരണം, അത് സിനിമയുടെ മറ്റൊരു തലമാണ്.
സിനിമയെക്കുറിച്ച് ചർച്ചകൾ ഇല്ലെങ്കിൽ, ഗോസിപ്പുകൾ ഇല്ലെങ്കിൽ പിന്നെ എന്ത് സിനിമ. രാഷ്ട്രീയത്തിനും സിനിമയ്ക്കും ഗോസിപ്പുകൾ അത്യാവശ്യമാണ്, എങ്കിലേ അവിടെ ഡിസ്‌ക്യൂഷൻസ് ഉണ്ടാവുകയുള്ളു.
മോളിവുഡ് ടൈംസ് എന്ന സിനിമ റിലേറ്റബിൾ ആകുന്ന ഒരുപാട് പേരുണ്ട്. സിനിമയെ അത്യധികം ആഗ്രഹിച്ച് അവസരങ്ങൾ ലഭിക്കാത്തവരും, സിനിമയിലെത്താൻ കഷ്ടപ്പെടുന്നവരും, ഇനി എത്തിപ്പെട്ടാൽ തന്നെ അവിടെനിന്ന് മുന്നോട്ട് പ്രോഗ്രസ് ചെയ്യാൻ സാധിക്കാത്തവരുമായ കഴിവുള്ള ഒരു വലിയ ഭൂരിഭാഗം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അതിൽ സംവിധായകരോ, നിർമ്മാതാക്കളോ, എഴുത്തുകാരോ, അഭിനേതാക്കളോ, എഡിറ്റർമാരോ, കോസ്റ്റ്യൂം ഡിസൈനർമാരോ അങ്ങനെ ആരുമാകാം. സിനിമ ആഗ്രഹിക്കുന്ന എല്ലാവരെയും റെപ്രസെന്റ് ചെയ്യുന്ന ഒന്നാണ് ഈ ചിത്രം. ആദ്യ കാഴ്ചയിൽ ഈ സിനിമ തരുന്ന അർത്ഥങ്ങൾ ആയിരിക്കില്ല പല തവണ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്ക് ഇത് നൽകുന്നത്. ചിത്രത്തിൽ നസ്‌ലെനെ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവെച്ചിരിക്കുന്നത്,’ അജു വർഗീസ് പറഞ്ഞു.
മോളിവുഡ് ടൈംസ് .photo.The Hindu