| Tuesday, 30th December 2025, 9:44 am

ആളുകള്‍ക്ക് റിപ്പീറ്റ് തോന്നാത്ത വേഷമാണ് ഇപ്പോള്‍ ചെയ്യുന്നത്, ആ കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്: അജു വര്‍ഗീസ്

ഐറിന്‍ മരിയ ആന്റണി

കോവിഡ് വരെ താന്‍ കംഫര്‍ട്ട് സോണില്‍ ഇരുന്നാണ് സിനിമ ചെയ്തിരുന്നതെന്നും അതിന് ശേഷം വ്യത്യസ്തമായ വേഷം ചെയ്യാന്‍ തുടങ്ങിയെന്നും നടന്‍ അജു വര്‍ഗീസ്. ഫോര്‍ത്ത് വാളുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോവിഡ് വരെ കംഫര്‍ട്ട്‌സോണിന് ഉള്ളില്‍ നിന്ന് മാത്രമാണ് സിനിമ ചെയ്തത്. ആവര്‍ത്തിച്ച് വരുന്ന കുറെ കഥാപാത്രങ്ങളും, ചെറിയ സൈഡ് റോളുകളുമൊക്കെയാണ് ചെയ്ത് കൊണ്ടിരുന്നത്. അപ്പോള്‍ ഞാന്‍ അത്ര ബോതേര്‍ഡ് അല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

അജു വര്‍ഗീസ് Photo: screen grab/ fourthwall

ചാലഞ്ചിക് ആയിട്ടുള്ള റോളുകള്‍ എന്നല്ല, കഴിഞ്ഞൊരു വര്‍ഷത്തില്‍ ഞാന്‍ ചെയ്ത റോളുകള്‍ പോലെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കലും സേയിം ഷെയ്ഡ് ആകരുത്. കൂടെയുള്ള അഭിനേതാവിനൊപ്പം നല്ലവനായ ഒരു കൂട്ടുകാരന്റെ വേഷം ചെയ്തിട്ടുണ്ടെങ്കില്‍, അടുത്ത ഒരു മൂന്നാല് വര്‍ഷത്തേക്ക് ആ വ്യക്തിയോടൊപ്പം എങ്കിലും അത് ഒഴിവാക്കുക എന്നായിരുന്നു തീരുമാനം. റിപ്പീറ്റ് ചെയ്ത് വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കും,’ അജു വര്‍ഗീസ് പറയുന്നു.

പുതിയ സംവിധായകരുടെ സിനിമയില്‍ ഭാഗമായത് തനിക്ക് കിട്ടിയ അവസരമായിട്ടാണ് കണ്ടതെന്നും തന്റെ കഴിവിനെക്കാള്‍ അവരുടെ കഴിവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും തന്റെ കഴിവിനെക്കാളും അവരുടെ കഴിവില്‍ താന്‍ വിശ്വസിച്ചിരുന്നുവെന്നും അജു പറഞ്ഞു.

അവരുടെ സിനിമകളില്‍ താന്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്നും വരാന്‍ പോകുന്ന ആട് 3യിലും ബേസിലിന്റെ മിന്നല്‍ മുരളിയിലും തനിക്ക് അവര്‍ വേഷം തന്നിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ജൂഡ് ആന്റണി ജോസഫിന്റെ ഒടുവില്‍ വന്ന 2018ലും അദ്ദേഹം തനിക്ക് വേഷം തന്നിട്ടുണ്ടെന്നും അജു പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ കരിയര്‍ തുചങ്ങിയ അജു പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായിരുന്നു. തുടക്കത്തില്‍ സൈഡ് റോളില്‍ തിളങ്ങിയ അജു പിന്നീട് ക്യാരക്ടര്‍ റോളിലും തന്റെ കഴിവ് തെളിയിച്ചു.

അജു ഭാഗമായ സര്‍വ്വം മായ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. നിവിന്‍ പോളി നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് അഖില്‍ സത്യനാണ്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നലെ ബോക്‌സ് ഓഫീസില്‍ 50 കോടി കടന്നിരുന്നു.

Content Highlight: Aju varghese says he doing roles that don’t make them feel boring

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more