| Monday, 12th January 2026, 5:48 pm

മോളിവുഡിലെ അടുത്ത ജമ്പനായി അജു വര്‍ഗീസ്, പുതിയ ലുക്ക് ഏറ്റെടുത്ത് ട്രോളന്മാര്‍

അമര്‍നാഥ് എം.

സിനിമാജീവിതത്തിലെ 16ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ കരിയര്‍ ആരംഭിച്ച അജു വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ഞെട്ടിക്കുകയാണ്. അടുത്തിടെ റിലീസായ സര്‍വം മായയിലെ രൂപേന്ദു എന്ന കഥാപാത്രത്തിലൂടെ അജു പ്രേക്ഷകരെ ചിരിപ്പിച്ചു.

കഴിഞ്ഞദിവസം അജുവര്‍ഗീസിന്റെ പിറന്നാള്‍ദിനത്തില്‍ പുറത്തുവിട്ട പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന പ്ലൂട്ടോയില്‍ അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൊട്ടയടിച്ച് മീശ മാത്രം വെച്ച ടൈഗര്‍ തമ്പി എന്ന കഥാപാത്രത്തെയാണ് അജു പ്ലൂട്ടോയില്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ അജുവിന്റെ ലുക്ക് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അജുവിനെ കാണാന്‍ ബാലരമയിലെ ഹിറ്റ് കഥാപാത്രമായ ജമ്പനെപ്പെലെയുണ്ടെന്ന് ട്രോളുകള്‍ ഉയരുന്നുണ്ട്. ഇതിന് മുമ്പ് ഇത്തരത്തില്‍ മൊട്ടയടിച്ച മറ്റ് മലയാള നടന്മാരുടെ ലുക്കും അജുവുമായി താരതമ്യം ചെയ്യുന്നുണ്ട്. ഫാന്റം എന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, ഷൈലോക്കിലെ സിദ്ദിഖ് എന്നിവരാണ് മറ്റ് ജമ്പന്മാര്‍.

പുഷ്പ എന്ന ചിത്രത്തില്‍ ഫഹദിന്റെ ഗെറ്റപ്പും ഇതുമായി പലരും താരതമ്യം ചെയ്യുന്നവരുണ്ട്. ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രം കേരളത്തിന് പുറത്തും ചര്‍ച്ചയായിരുന്നു. ഈ ലിസ്റ്റില്‍ അവസാനത്തെ എന്‍ട്രിയായിരിക്കുകയാണ് അജു വര്‍ഗീസിന്റെ ടൈഗര്‍ തമ്പി. സൈബര്‍ യുഗത്തിലും കോമിക് കഥാപാത്രമായ ജമ്പനാണ് പ്രധാന ചര്‍ച്ച.

സായ്കുമാറിന്റെ കരിയറിലെ ഹിറ്റ് കഥാപാത്രമായ വാസുവണ്ണനൊപ്പവും അജുവിന്റെ ഗെറ്റപ്പിനെ താരതമ്യം ചെയ്യുന്നവരുണ്ട്. അജു വര്‍ഗീസിന്റെ നോട്ടമെല്ലാം സായ്കുമാറിനെ ഓര്‍മിപ്പിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് ചില പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. കുഞ്ഞിക്കൂനനിലെ വാസു എന്ന വില്ലന്‍ വേഷം സായ്കുമാറിന് ബ്രേക്ക് നല്‍കിയതുപോലെ ടൈഗര്‍ തമ്പിയും അജുവിന്റെ കരിയറില്‍ വേറിട്ട ഒന്നാകുമെന്നാണ് കണക്കുകൂട്ടല്‍.

നീരജ് മാധവാണ് പ്ലൂട്ടോയിലെ നായകന്‍. കരിക്കിലൂടെ ശ്രദ്ധ നേടിയ ആദിത്യന്‍ ചന്ദ്രശേഖറാണ് പ്ലൂട്ടോയുടെ സംവിധായകന്‍. ആര്‍ഷ ചാന്ദ്‌നി ബൈജു, അല്‍ത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൈ-ഫൈ ഴോണറിലൊരുങ്ങുന്ന ചിത്രം അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Aju Varghese’s character poster in Pluto movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more