| Saturday, 19th July 2025, 3:47 pm

ജാതിവാദിയായ അധ്യാപകരുടെ പ്രതിനിധി, 'സ്താനാര്‍ത്തി' ശ്രീക്കുട്ടനിലെ ചക്രപാണി സാര്‍

അമര്‍നാഥ് എം.

തിയേറ്ററില്‍ വേണ്ട പരിഗണന നല്‍കാതെ മലയാളികള്‍ പരാജയപ്പെടുത്തിയ മറ്റൊരു സിനിമയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. നവാഗതനായ വിനീഷ് വിശ്വനാഥന്‍ ഒരുക്കിയ ചിത്രം ഒരു സ്‌കൂളിനെയും അവിടത്തെ വിദ്യാര്‍ത്ഥികളുടെയും കഥയാണ് പറയുന്നത്. ഒ.ടി.ടി റിലീസിന് ശേഷം എല്ലായിടത്തു നിന്നും മികച്ച പ്രതികരണം മാത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന് ലഭിക്കുന്നത്.

സിനിമ കണ്ട എല്ലാവരും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് അജു വര്‍ഗീസ് അവതരിപ്പിച്ച ചക്രപാണി സാര്‍. കോമഡി വേഷങ്ങളില്‍ നിന്ന് ട്രാക്ക് മാറുന്ന അജുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. കുട്ടികളെ പേടിപ്പിച്ച് നിര്‍ത്തുന്ന, വിദ്യാര്‍ത്ഥികളെ ‘തല്ലിനന്നാക്കുന്ന’ സ്റ്റീരിയോടൈപ്പ് അധ്യാപകനാണ് ചക്രപാണി.

സൈക്കോ കഥാപാത്രമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ ഈ കഥാപാത്രത്തിന്റെ മറ്റൊരു വശം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ജാതിവാദവും അഹന്തയും കൂടെക്കൊണ്ടു നടക്കുന്ന സോ കോള്‍ഡ് ‘ഉന്നതകുല’ജാതരുടെ പ്രതിനിധി കൂടിയായി ചക്രപാണി എന്ന കഥാപാത്രത്തെ കാണാനാകും. സിനിമയില്‍ പലയിടത്തായി അതിനുള്ള സൂചനകള്‍ സംവിധായകന്‍ നല്‍കുന്നുണ്ട്.

ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന അമ്പാടിയുടെ സയന്‍സ് എക്‌സിബിഷനുള്ള മോഡല്‍ നശിപ്പിച്ചെന്ന് പറഞ്ഞ് മറ്റ് വിദ്യാര്‍ത്ഥികളെ ചക്രപാണി തല്ലുന്നുണ്ട്. വീട്ടുകാരെ വിളിച്ചിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പറയുന്ന ചക്രപാണി മറ്റൊരു ഡയലോഗ് കൂടി പറയുന്നുണ്ട്. ‘ഗ്രാന്റ് വാങ്ങാനല്ലാതെ മറ്റൊരു കാര്യത്തിനും അവറ്റകള്‍ വരാറില്ലല്ലോ’ എന്ന ഡയലോഗില്‍ നിന്ന് അയാള്‍ എത്ര വലിയ ജാതിവാദിയാണെന്ന് മനസിലാകുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണവും ഗ്രാന്റും അവര്‍ക്കുള്ള ഔദാര്യമല്ല, അവകാശമാണെന്ന് ഇന്നത്തെ കാലത്തും തിരിച്ചറിയാത്ത ഒരുപാട് അധ്യാപകര്‍ നമുക്ക് ചുറ്റിലുമുണ്ട്. സംവരണം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലായ്‌പ്പോഴും വിധേയരായി നില്‍ക്കണമെന്നുള്ള ബോധം പേറുന്ന ഇത്തരം അധ്യാപകരെ ചക്രപാണിയിലൂടെ സംവിധായകന്‍ വരച്ചിടുന്നുണ്ട്.

പുഴുശല്യം കാരണം ക്ലാസില്‍ പലര്‍ക്കും പ്രശ്‌നമാണെന്ന് പറഞ്ഞുവരുന്ന ലീഡറെ ചക്രപാണി തിരിച്ചയക്കുന്നുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട, നന്നായി പഠിക്കുന്ന അമ്പാടി എന്ന കുട്ടിയെയാണ് ഇയാള്‍ എപ്പോഴും ക്ലാസ് ലീഡറാക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അമ്പാടി സംസാരിക്കുമ്പോള്‍ ‘ഈ തെണ്ടിപ്പിള്ളേര്‍ക്ക് വേണ്ടി നീയെന്തിനാണ് വാദിക്കുന്നത്. പഠിച്ചാല്‍ മാത്രം പോരെ’ എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തുന്നുണ്ട്.

ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുപോലെ കാണാന്‍ സാധിച്ചില്ലെങ്കില്‍ അയാള്‍ ഒരു നല്ല അധ്യാപകനാകില്ല എന്നതാണ് പല ടീച്ചേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിലും ആദ്യമായി പഠിപ്പിക്കുന്നത്. അധ്യാപകരുടെ കാലു കഴുകിയാല്‍ പുണ്യമാണെന്ന് കരുതുന്നവരുടെയും, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നതും ഡാന്‍സ് ചെയ്യുന്നതും മഹാപാതകമാണെന്ന് കരുതുന്നവരുടെയും ഉള്ളില്‍ ഇത്തരം ചക്രപാണിമാര്‍ തീര്‍ച്ചയായും ഉണ്ടാകും.

‘കാലങ്ങളായി ഇങ്ങനെയൊക്കെയല്ലേ, അതില്‍ തെറ്റൊന്നുമില്ലല്ലോ’ എന്ന ചിന്തിക്കാതെ ഇതിനെതിരെ നീങ്ങുന്ന അധ്യാപകരും ഇന്നത്തെ കാലത്ത് ഉണ്ട്. കുട്ടികളിലേക്ക് സദാചാരത്തിന്റെ വിത്തുകള്‍ പാകാതെ അവര്‍ക്ക് ഇന്നത്തെ സമൂഹത്തെക്കുറിച്ച് പഠിപ്പിച്ച് കൊടുക്കുകയാണ് വേണ്ടത്.

Content Highlight: Aju Varghese’s character in Sthanarthi Sreekkuttan movie is Casteist

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more