സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രഭേന്ദുവും ഡെലൂലുവും. തിയേറ്റര്‍ റിലീസിന് പിന്നാലെ സര്‍വ്വം മായക്ക് ഒ.ടി.ടിയിലും മികച്ച വരവേല്പാണ്. നിവിന്‍ പോളി തന്റെ സേഫ് സോണിലേക്ക് തിരിച്ചെത്തിയ ചിത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര് സ്വീകരിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ ഒളിപ്പിച്ചുവെച്ച പല ഡീറ്റെയിലുകളും ഇതിനോടകം ചര്‍ച്ചയായി.
അത്തരത്തിലൊന്നാണ് അജു വര്‍ഗീസ് അവതരിപ്പിച്ച രൂപേഷ് എന്ന കഥാപാത്രം. നിവിനുമായി ചേരുമ്പോഴെല്ലാം മികച്ച കെമിസ്ട്രിയുള്ള അജു ഇത്തവണയും കൈയടി നേടി. ഇന്‍ട്രോ സീന്‍ മുതല്‍ രൂപേഷ് എന്ന കഥാപാത്രം എങ്ങനെയുള്ള ആളാണെന്ന് കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. രൂപേഷ് എന്ന പേരിട്ടതുകൊണ്ട് എപ്പോഴും രൂപയോട് ആര്‍ത്തിയുള്ള ആളാണെന്ന് അജുവിന്റെ അമ്മ ചിത്രത്തില്‍ ഒരിടത്ത് പറയുന്നുണ്ട്.
താന്‍ പിടിച്ച പൂജകളെല്ലാം പ്രഭേന്ദുവിന് കൊടുക്കുമ്പോള്‍ അതിന്റെ ഷെയര്‍ ചോദിക്കുന്ന സീനും, കൃഷ്ണന്‍ ജ്യോത്സ്യരുമായി സംസാരിക്കുന്ന സീനിലുമെല്ലാം രൂപേഷിന്റെ ഈ സ്വഭാവം വ്യക്തമായി കാണിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ രൂപേഷ് എന്ന കഥാപാത്രം കുറച്ച് നന്മയൊക്കെയുള്ള ആളാണെന്ന് സംവിധായകന്‍ പറയാതെ പറയുന്നുണ്ടെന്നാണ് ചില പോസ്റ്റുകള്‍.
ബന്ധുവിനെ പാര്‍ട്ണറാക്കുമ്പോള്‍ പൈസയുടെ കാര്യത്തില്‍ അടിയുണ്ടാകരുത് എന്ന നിര്‍ബന്ധം കൊണ്ടാണ് രൂപേഷ് അജുവിനോട് 40-60 എന്ന ഷെയര്‍ ഡീല്‍ കൊണ്ടുവരുന്നത്. എന്നാല്‍ പ്രഭേന്ദു മുംബൈയിലേക്ക് പോകുന്ന സമയത്ത് അവസാനത്തെ പൂജയില്‍ നിന്ന് കിട്ടിയ കാശ് മുഴുവന്‍ രൂപേഷ് കൊടുക്കുന്നുണ്ട്.
പരിചയമില്ലാത്ത നഗരത്തിലേക്ക് ഒറ്റക്ക് പോകുന്ന പ്രഭേന്ദുവിനെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഈ രംഗത്തില്‍ രൂപേഷിനുള്ളത്. ബ്രേക്കപ്പായെങ്കിലും തന്റെ പഴയ കാമുകി എങ്ങനെ ജീവിക്കുന്നു എന്നറിയാന്‍ അവളുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് എല്ലാദിവസവും പരിശോധിക്കുന്ന കഥാപാത്രം കൂടിയാണ് രൂപേഷ്. അതിന് അയാള്‍ക്ക് അയാളുടേതായ കാരണങ്ങളുമുണ്ട്.
സത്യന്‍ അന്തിക്കാട് യൂണിവേഴ്‌സിലെ പഴയകാല സിനിമകളില്‍ നായകന്റെ സന്തത സഹചാരിയായി ഒരു കഥാപാത്രം എപ്പോഴും കാണും. വെറുതേ തമാശ പറയാനൊക്കെയുള്ള കഥാപാത്രമാണെങ്കില്‍ കൂടി അയാളുടെ ബാക്ക് സ്റ്റോറി വലിയ ഡെപ്തുള്ളതാകും. സര്‍വ്വം മായയിലെ അജുവിന്റെ കഥാപാത്രവും അത്തരത്തിലൊന്നാണ്. പ്രഭയെപ്പോലെ രൂപയും പൊളിയാണ്.
Content Highlight: Aju Varghese’s character in Sarvam Maya