| Thursday, 9th April 2026, 9:08 am

'അടിച്ചാലും സാരമില്ല 100 അടിച്ചല്ലോ’… തല പോയാലും സാരമില്ല ഹാഷിറും ടീമും 100 അടിച്ചല്ലോയെന്ന് സോഷ്യൽ മീഡിയയും

നന്ദന എം.സി

വലിയ താരമൂല്യമില്ലെങ്കിലും സിനിമയുടെ നിലവാരവും താരങ്ങളുടെ പ്രകടനവും കൊണ്ട് ചിത്രം വലിയ വിജയമായി മാറുമെന്നതിന് മികച്ച ഉദാഹരണമാണ് നവാഗത സംവിധായകൻ സവിൻ സ ഒരുക്കിയ ‘വാഴ 2’.

ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ, താരങ്ങൾ അവരുടെ യഥാർത്ഥ പേരുകളിലൂടെയാണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

വാഴ2, Photo: IMDb

ഏപ്രിൽ 1ന് തിയേറ്ററുകളിലെത്തിയ ചിത്രം വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ എല്ലാ താരങ്ങളും സോഷ്യൽ മീഡിയ വഴി സന്തോഷം പങ്കുവെച്ചപ്പോൾ, വ്യത്യസ്തമായ ക്യാപ്ഷനുകൾ കൊണ്ട് ശ്രദ്ധ നേടുന്ന അജു വർഗീസിന്റെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തത്.

ചിത്രത്തിൽ മനോജ് എന്ന അധ്യാപകനായായിരുന്നു അജു വർഗീസ് എത്തിയത്. എല്ലാ സ്കൂളുകളിലും കാണുന്ന, വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടമുള്ള അധ്യാപകന്റെ പ്രതിരൂപമാണ് മനോജ് സാർ.

കുട്ടികൾക്കൊപ്പം നിന്ന് അവർക്കൊരു പിന്തുണയായി മാറുന്ന, എല്ലാ വിദ്യാർത്ഥികൾക്കും പ്രിയങ്കരനായ അധ്യാപകനാണ് മനോജ് സാർ. അജു വർഗീസിന്റെ പ്രകടനത്തിലൂടെ പ്രേക്ഷകർക്ക് സ്വന്തം സ്കൂൾ കാലവും ഇഷ്ടപ്പെട്ട അധ്യാപകരെയും ഓർമിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു അത്.

ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതിനെ തുടർന്ന് അജു വർഗീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും ക്യാപ്‌ഷനുമാണ് വലിയ ശ്രദ്ധ നേടുന്നത്.

അൽഫോൺസ് പുത്രനും ഹാഷിറും ടീമിനുമൊപ്പമുള്ള സെൽഫിയോടൊപ്പം, ‘അടിച്ചാലും സാരമില്ല 100 അടിച്ചല്ലോ’ എന്നായിരുന്നു ക്യാപ്ഷൻ. ചിത്രത്തിലെ ഒരു രംഗത്തിൽ അബദ്ധത്തിൽ ഹാഷിറിന്റെ കൈയിൽ നിന്ന് മനോജ് സാറിന് അടി കിട്ടുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവവുമായി ഈ ക്യാപ്ഷൻ ബന്ധിപ്പിച്ചാണ് താരം പങ്കുവെച്ചത്.

ഇത് പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഒന്ന് കിട്ടിയാലെന്താ 100 കോടിയിലെത്തിയില്ലേ, തല പോയാലും സാരമില്ല ഹാഷിറും ടീമും 100 അടിച്ചല്ലോ തുടങ്ങി രസകരമായ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നു.

വാഴ2, Photo: IMDb

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ‘വാഴ 2’, 2024ൽ പുറത്തിറങ്ങിയ ‘വാഴ’യുടെ രണ്ടാം ഭാഗമായാണ് എത്തിയത്. ആദ്യഭാഗത്തിൽ ചെറിയ വേഷത്തിൽ എത്തിയ ഹാഷിറിനെയും ടീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുകയാണ്.

സഹോദര ബന്ധത്തിന്റെയും സുഹൃദ് ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ശബരീഷ്, ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം, രണ്ടാം ദിവസത്തോടെ തന്നെ ഓൺലൈൻ ബുക്കിങ്ങിലും വൻ വർധനവ് നേടിയിരുന്നു.

Content Highlight: Aju Varghese’s caption goes viral on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more