മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി.
ഇപ്പോഴിതാ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം, ഒരു സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കേട്ടുകഴിഞ്ഞാൽ മനസ്സിൽ അതിനെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് അജു വർഗീസ് നൽകിയ മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. യു ഇൻ യു എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.
അജു വർഗീസ്.photo.screen grab/youtube
‘അന്നും ഇന്നും സംവിധായകനെ വിശ്വസിക്കുക എന്നതിന് തന്നെയാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഒരു സിനിമ വിജയിക്കുകയാണെങ്കിലും പരാജയപ്പെടുകയാണെങ്കിലും അതിനെ ഒരുമിച്ചു നേരിടുക. രണ്ടാമത്തെ കാര്യം, ഞാൻ ചിലപ്പോൾ തമാശയ്ക്ക് പറയാറുണ്ട്, നമ്മൾ സെഞ്ച്വറി അടിച്ചോ അതോ ഡക്ക് ആയോ എന്നതിലല്ല, മറിച്ച് ഇന്ത്യ ജയിക്കുക എന്നതാണ് പ്രധാനം. അതുപോലെ തന്നെയായിരിക്കണം സിനിമയും, സിനിമ നന്നാവണം.
ഞാൻ ഒരു പത്തു സീനിൽ അഭിനയിച്ചു, എന്നാൽ അതെല്ലാം കട്ട് ചെയ്ത് ഒരൊറ്റ സീനിൽ മാത്രമേ ഞാൻ ഉള്ളൂ എന്ന് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. കാരണം, ആ ഒരൊറ്റ സീൻ സിനിമയ്ക്ക് ഗുണം ചെയ്യുമെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. നേരെ മറിച്ച്, സിനിമ പരാജയപ്പെട്ടു, പക്ഷേ സിനിമയിൽ നമ്മൾ മുഴുനീളം ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ നമുക്ക് ഒരു സന്തോഷവുമില്ല. അവിടെ സിനിമയിലെ നമ്മുടെ പങ്കാളിത്തത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.
രണ്ടാമതായി, സംവിധായകനുമായിട്ടുള്ള ഒരു കെമിസ്ട്രിയാണ് പ്രധാനം. കഥ കേൾക്കുമെങ്കിലും തിരക്കഥ മുഴുവനായിട്ട് ഞാൻ കേൾക്കാതിരിക്കാൻ കാരണം ആ ഒരു ബന്ധമാണ്. ഒരു സിനിമയിൽ റീടേക്ക് പോവാൻ എനിക്ക് ചോദിക്കുന്നതിനോ, ഡയറക്ടർക്ക് എന്നോട് ആവശ്യപ്പെടുന്നതിനോ യാതൊരു പ്രശ്നവുമില്ല. എല്ലാവർക്കും ഒരു ഈഗോ ഉണ്ടാവും, അത് അഭിനേതാക്കൾക്കും ഉണ്ടാകും. നമ്മൾ സത്യസന്ധമായി ചെയ്ത ഒരു ടേക്ക് ഒന്നുകൂടി ചെയ്യാൻ പറയുമ്പോൾ, പുറത്തു കാണിച്ചില്ലെങ്കിലും എന്തിനായിരിക്കും ആ ഒരു വൺ മോർ എന്ന് നമുക്ക് തോന്നാം.
എന്റെ കാര്യത്തിൽ അത്തരത്തിലുള്ള ചിന്തകളെല്ലാം ബ്രേക്ക് ചെയ്യാൻ സഹായിച്ചത് ഞാൻ അഭിനയിച്ച ‘സ്താനാര്ത്തി ശ്രീകുട്ടൻ എന്ന് സിനിമയായിരുന്നു. അതുകൊണ്ട് തന്നെയാണ് അന്നുതതൽ ഞാൻ ആ കൊടുക്കൽ വാങ്ങലുകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്’, അജു വർഗീസ് പറഞ്ഞു.
അജു വർഗീസ്.photo.screen grab/youtube