തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സര്‍വം മായക്ക് ഒ.ടി.ടിയിലും മികച്ച വരവേല്പാണ് ലഭിക്കുന്നത്. ജിയോ ഹോട്‌സ്റ്റാറാണ് ചിത്രത്തെ ഒ.ടി.ടിയിലെത്തിച്ചത്. നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് സര്‍വ്വം മായ.
ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ പല രംഗങ്ങളുടെയും ഡീകോഡിങ് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തിയേറ്റര്‍ റിലീസ് സമയത്ത് ചര്‍ച്ചയാകാത്ത പല കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അത്തരത്തിലൊന്നാണ് അജു വര്‍ഗീസ് അവതരിപ്പിച്ച രൂപേഷ് എന്ന കഥാപാത്രം.
നിവിനുമായുള്ള കോമ്പിനേഷന്‍ സീനിലെല്ലാം പഴയ വൈബ് കൊണ്ടുവരാന്‍ അജുവിന് സാധിച്ചിരുന്നു. ഒറ്റക്കുള്ള സീനുകളിലും അജുവിന്റെ വക മികച്ച പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചു. അത്തരത്തിലൊന്നായിരുന്നു പ്രഭേന്ദുവിന്റെ ഇല്ലത്തേക്ക് രൂപേഷ് വരുന്ന രംഗം. പ്രേതത്തെ ഒഴിപ്പിക്കാന്‍ വേണ്ടി ഇല്ലത്തേക്കെത്തുന്ന അജുവിന്റെ ഉള്ളില്‍ ചെറുതല്ലാത്ത പേടിയുണ്ടെന്ന് കാണിക്കുന്നുണ്ട്.
നടുത്തളത്തിലൂടെ നടക്കുമ്പോള്‍ കൈയിലെ കുടയെടുത്ത് കുത്താന്‍ നില്‍ക്കുന്ന തരത്തിലാണ് രൂപേഷ് നടക്കുന്നത്. മണിച്ചിത്രത്താഴില്‍ ഇന്നസെന്റിന്റെ ഐക്കോണിക് നടത്തത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു അജുവിന്റെ പെര്‍ഫോമന്‍സെന്നാണ് പോസ്റ്റ്. കിരണ്‍ എ.ടി.പി എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്. ‘അടുക്കക്കൂടാത് ഡെലൂലൂ, നാന്‍ മോശക്കാരന്ക്ക് മോശക്കാരന്‍’ എന്നാണ് ഫോട്ടോക്ക് നല്‍കിയ ക്യാപ്ഷന്‍.
എവിടെയൊക്കെയോ ഒരു ഇന്നച്ചന്‍ സ്‌റ്റൈലില്ലേ എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. പോസ്റ്റിന് താഴെ മികച്ച കമന്റുകളും പലരും പങ്കുവെച്ചു. ‘പഴയകാല നടന്മാരുടെ അഭിനയത്തെ അഡാപ്റ്റ് ചെയ്താണ് താന്‍ പെര്‍ഫോം ചെയ്യുന്നതെന്ന് അജു മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് കമന്റ് ബോക്‌സില്‍ ഒരാള്‍ ഓര്‍മപ്പെടുത്തി.
ഈ രംഗത്തില്‍ ഇന്നസെന്റിനെയാണെങ്കില്‍ ഉത്സവത്തിനിടയിലെ സീനില്‍ അടൂര്‍ ഭാസിയെയാണ് അജു വര്‍ഗീസ് അനുകരിച്ചതെന്നും ഒരാള്‍ ചൂണ്ടിക്കാണിച്ചു. മറ്റ് നടന്മാരെ അനുകരിക്കുമ്പോള്‍ അതിനെ മോശമാക്കാതെ അവതരിപ്പിക്കാന്‍ അജുവിന് സാധിച്ചിട്ടുണ്ട്. ന്യൂ ജന്‍ അടൂര്‍ ഭാസിയാണ് അജു വര്‍ഗീസെന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു.
ബോക്‌സ് ഓഫീസില്‍ 150 കോടിയാണ് ചിത്രം നേടിയത്. നിവിന്‍ പോളിക്കും അജു വര്‍ഗീസിനും പുറമെ റിയ ഷിബുവും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രീ മുകുന്ദന്‍, ജനാര്‍ദനന്‍, മധു വാര്യര്‍, അല്‍ത്താഫ് സലിം, രഘുനാഥ് പലേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Aju Varghese performance in Sarvam Maya discussing after OTT release