മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഈ മാസം 24-ന് തിയേറ്ററുകളിൽ എത്തുന്ന തന്റെ പുതിയ ചിത്രമായ ലർക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അജു വർഗീസ്.
അജു വർഗീസ്.photo.screen grab/youtube
‘ഞാൻ സിനിമ ചെയ്തു തുടങ്ങിയ സമയത്ത് പൂക്കി വേഷങ്ങൾ ചെയ്തപ്പോൾ പൂക്കി എന്നൊരു വാക്ക് ഇല്ലായിരുന്നു. അക്കാലത്ത് എല്ലാവരും എന്നോട് ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് ഗൗരവമേറിയ വേഷങ്ങൾ ചെയ്തപ്പോൾ എല്ലാവരും കോമഡി ചെയ്യാൻ പറഞ്ഞു. ശരിക്കും ഞാൻ എവിടെയാണ് നിൽക്കേണ്ടത് എന്ന് തോന്നി, പക്ഷെ ചെയ്യുന്ന കഥാപാത്രങ്ങളിൽ തീർച്ചയായും ഒരു ബാലൻസ് നിലനിർത്തിക്കൊണ്ടുപോവേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട്.
സിനിമയിൽ ഞാൻ അധികവും ക്യാരക്ടർ റോളുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. നായക വേഷങ്ങളിലേക്ക് ഒന്നും അധികം പോയിട്ടില്ല. അതിന്റെ പ്രധാന കാരണം അത് ബുദ്ധിമുട്ടായത് കൊണ്ടല്ല, മറിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പൊതുവെ താല്പര്യമില്ലാത്ത, അല്ലെങ്കിൽ കുറച്ച് മടിയുള്ള ആളാണ് ഞാൻ. ക്യാരക്ടർ വേഷങ്ങൾ ചെയ്യുമ്പോഴുള്ള ഒന്നാമത്തെ ഗുണം നമുക്ക് പല രൂപത്തിലുള്ള വേഷങ്ങൾ പരീക്ഷിക്കാം എന്നതാണ്. പിന്നെ പ്രധാനമായും വലിയ ഭാരങ്ങളില്ല.
അജു-നിവിൻ കോംബോ, അജു-ടൊവിനോ, അജു-ബേസിൽ കോംബോ എന്നിങ്ങനെ നിരവധി കൂട്ടുകെട്ടുകൾ അജു വർഗീസ് സിനിമകളുടെ പ്രത്യേകതയാണ്. എന്നാൽ താൻ ചെയ്ത സിനിമകളിൽ അങ്ങനെ എടുത്തുപറയാൻ തക്ക ഫേവറിറ്റ് കോംബോകൾ ഒന്നുമില്ലെന്ന് പറയുകയാണ് താരം.
അങ്ങനെ എടുത്തുപറയാൻ മാത്രം ഒരു ഫേവറിറ്റ് കോംബോയുമില്ല. കാരണം ഒരു സിനിമക്ക് വേണ്ടി കഥാപാത്രങ്ങൾ വരുമ്പോൾ ഒരുമിച്ച് അഭിനയിക്കുന്നു എന്ന് മാത്രമേയുള്ളൂ. പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കഥാപാത്രത്തെയാണ്. പല വിഗ്രഹങ്ങളും അടുക്കുമ്പോൾ ചിലപ്പോൾ ഉടഞ്ഞുപോയേക്കാം. ഞാൻ പൊതുവെ പറയുകയാണ്, കാരണം നമ്മൾ ഇപ്പോൾ ഒരാളെ അത്രയധികം ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്താലും ചിലപ്പോൾ അടുത്തു പരിചയപ്പെടുമ്പോൾ പുള്ളിയുടെ സ്വഭാവം അങ്ങനെ ആയിരിക്കണമെന്നില്ല. അവിടെ കഥാപാത്രത്തിന് മാത്രമാണ് പ്രാധാന്യം. നല്ല രീതിയിൽ ചെയ്താൽ ഞാൻ എന്നല്ല, മറ്റേത് അഭിനേതാക്കൾക്കൊപ്പമായാലും ഏതുതരം കോംബോകൾ കൊണ്ടുവന്നാലും പ്രേക്ഷകരെ രസിപ്പിക്കാൻ പറ്റും,’ അജു വർഗീസ് പറഞ്ഞു.
അജു വർഗീസ്.photo.screen grab/youtube