| Monday, 9th March 2026, 12:20 pm

കുന്നംകുളം സഞ്ജു, അജു വര്‍ഗീസ്; വൈറലായി താരത്തിന്റെ ക്രിക്കറ്റ് വീഡിയോ

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യയെങ്ങും പ്രത്യേകിച്ച് കേരളത്തില്‍ ക്രിക്കറ്റിന്റെ ആവേശം അതിന്റെ പരകോടിയിലെത്തിയ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സഞ്ജു സാംസണ്‍ സിനിമയെ വെല്ലുന്ന തിരിച്ചു വരവോടെ ഇന്ത്യന്‍ ടീമിനെ വേള്‍ഡ് കപ്പ് ചാമ്പ്യന്മാരാക്കിയാണ് കഴിഞ്ഞ രാത്രി ചരിത്രം കുറിച്ചത്. കായികലോകത്തിന് അപ്പുറത്തേക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് കേരളത്തില്‍ നിന്നും താരത്തിന് ലഭിച്ചത്. ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെത്തിയ സംവിധായകന്‍ ബേസില്‍ ജോസഫും മലയാളത്തിലെ അതികായരായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

സഞ്ജു സാംസണ്‍ കപ്പുമായി. Photo: Deepu/ X.com

ഇപ്പോഴിതാ കേരളത്തിലെ ക്രിക്കറ്റ് തരംഗത്തിനിടയിലേക്ക് തമാശ നിറഞ്ഞ വീഡിയോയുമായെത്തിയ അജു വര്‍ഗീസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുന്ന താരം മലയാളത്തിലെ കോമഡി ഡയലോഗുകള്‍ക്കൊപ്പമാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തലയായ ധോണിക്ക് വേണ്ടി എന്‍ട്രി സോങ്ങായി ഉപയോഗിക്കുന്ന ‘പൊട്ട് വച്ച തങ്കക്കുടം’ എന്ന പാട്ടിന്റെ അകമ്പടിയോടെ താരം തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുന്നത് കാണാം. എന്നാല്‍ യഥാര്‍ത്ഥ ട്വിസ്റ്റ് വരുന്നത് പാട്ടിന് ശേഷമാണ്. ‘കൊഞ്ചം അങ്കെപാറ് കണ്ണാ’ എന്ന ഡയലോഗോടെ പിച്ചില്‍ കാര്യങ്ങള്‍ മാറിമറയുന്നതും കാണാം.

പിന്നീട് വരുന്ന ബോളുകള്‍ ബാറ്റില്‍ കൊള്ളിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന രീതിയിലാണ് താരം വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘മാങ്ങാക്കേറ് വേണ്ട സ്പിന്ന് വിടെടാ’ എന്ന ദിലീപ് ഡയലോഗില്‍ ബൗളിങ് ആരംഭിക്കുന്നത് കാണാം. ചതിക്കാത്ത ചന്തു സിനിമയില്‍ ക്ലൈമാക്‌സിലെ വലിയ ഫാനുപയോഗിച്ച് ‘കാറ്റ് റെഡിയാണ് സര്‍’ എന്ന ഡയലോഗ് മുതല്‍ അജു വീശി തുടങ്ങുന്നുണ്ട്. ബാറ്റിട്ട് വട്ടം കറക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റ് പോയി അടിക്കുന്നത് സര്‍വ്വം മായയിലെ പ്രഭേന്ദുവിന്റെ ദേഹത്തും ഒരു വടക്കന്‍ സെല്‍ഫിയിലെ ഉമേഷിന്റെ ദേഹത്തുമാണ്. നിവിന്റെ എപിക് ഡയലോഗായ ‘നല്ല തണുത്ത കാറ്റുണ്ടല്ലേ’യും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ ക്യാപ്ഷനായി നല്‍കിയതും ഇത് തന്നെ.

വീഡിയോക്ക് താഴെ വരുന്ന കമന്റുകളും ഇതിനൊപ്പം പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്. ആദ്യത്തെ ബാറ്റിങ് കണ്ടപ്പോള്‍ സഞ്ജുവിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഒരു ബാറ്ററെ കിട്ടിയെന്നാണ് കരുതിയതെന്നും എന്നാല്‍ വെള്ളം കൊടുക്കാന്‍ പോകാമെന്നുമെന്നുമായിരുന്നു ഒരു കമന്റ്. ഇടക്കെല്ലാം കാല്‍ മുന്നോട്ടും സൈഡിലോട്ടും അനക്കാമെന്നും, ഫൂട്ട് വര്‍ക്കില്ലാത്ത കളി കണ്ടിട്ട് കേരള സെവാഗ് ആണെന്ന് തോന്നുന്നു എന്നുമായിരുന്നു മറ്റൊരു കമന്റ്. അജുവിനെ ട്രോളാന്‍ മറ്റൊരു തെണ്ടിയുടെയും ആവശ്യമില്ലെന്നും അജു ഒറ്റക്ക് നോക്കികൊള്ളുമെന്നും അഭിപ്രായമുണ്ട്.

നേരത്തേ വിജയ് ചിത്രമായ ജന നായകനിലെ ദളപതി കച്ചേരി എന്ന ഗാനത്തിന് താരം ചുവടുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിവിന്‍ പോളിയടക്കം ഒരുപാട് താരങ്ങള്‍ വീഡിയോക്ക് പ്രശംസയറിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു.

സര്‍വ്വം മായ. Photo: IMDB

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായയായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളില്‍ നിന്നും 150 കോടിയോളം രൂപ കളക്ഷന്‍ നേടിയ ചിത്രത്തില്‍ പ്രീതി മുകന്ദന്‍, റിയ ഷിബു, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, മധു വാര്യര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Aju Varghese cricket video goes viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more