| Wednesday, 13th August 2025, 6:02 pm

ലാലേട്ടനും ശോഭനയും ഒന്നിച്ച ആ രണ്ട് സിനിമകള്‍ എനിക്ക് വല്ലാത്ത ഹോണ്ടിങ്ങാണ്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സിനിമാലോകത്തിന് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തില്‍ തുടങ്ങി ഇന്ന് തമിഴില്‍ വരെ തന്റെ സാന്നിധ്യമറിയിക്കാന്‍ അജുവിന് സാധിച്ചു. സിനിമാനിര്‍മാണരംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ അജു തന്റെ ഇഷ്ടനടന്റെ മികച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പം ശോഭന ഒന്നിച്ച സിനിമകളെല്ലാം തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും ഒന്നിക്കാതെ പോകുന്ന സിനിമകളാണ് തനിക്ക് കൂടുതലും ഇഷ്ടമെന്നും താരം പറയുന്നു. നാച്ചുറാലിറ്റി തോന്നുന്ന കോമ്പോയാണ് മോഹന്‍ലാല്‍- ശോഭന ജോഡിയെന്നും അജു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടന്‍- ശോഭന കോമ്പോയിലുള്ള പവിത്രം എന്റെ ഫേവറെറ്റാണ്. പവിത്രത്തിന്റെ കൂടെ പക്ഷേയും എനിക്ക് ഇഷ്ടമാണ്. രണ്ട് സിനിമയും ഇപ്പോഴും എനിക്ക് വല്ലാത്ത ഹോണ്ടിങ് എക്‌സ്പീരിയന്‍സാണ്. കാരണം, രണ്ടുപേരും അവസാനം ഒന്നിക്കുന്നില്ല. ആ രണ്ട് സിനിമകളിലും രണ്ട് എക്‌സ്ട്രീമില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

പവിത്രത്തിലെയും പക്ഷേയിലെയും ക്യാരക്ടേഴ്‌സിനെ വല്ലാതെ നാച്ചുറലായിട്ടാണ് ഇവര്‍ പെര്‍ഫോം ചെയ്യുന്നത്. ഈ കോമ്പോയും നമുക്ക് ഇഷ്ടമാണ്. അത് ആ രണ്ട് സിനിമകളുടെയും മേക്കേഴ്‌സ് കറക്ടായി ഉപയോഗിച്ചു. ഒരുപക്ഷേ, ഈ സിനിമകളില്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ചിരുന്നെങ്കില്‍ നമുക്ക് ഇപ്പോഴുള്ളതുപോലെ ഇഷ്ടം തോന്നണമെന്നില്ല.

പവിത്രത്തില്‍ നിന്നോട് എനിക്ക് ഇഷ്ടമാണെന്ന് ദേഷ്യപ്പെടുന്ന ഒരു സീനുണ്ട്. ആ സീനില്‍ ശോഭന മാമിന്റെ ചിരി കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. അതുപോലെ പവിത്രത്തില്‍ ലാലേട്ടന്‍ നാണിക്കുന്ന ഒരു ഷോട്ട് എല്ലാം നല്ല രസമായിട്ടാണ് എടുത്തുവെച്ചിരിക്കുന്നത്. അതുപോലെ രണ്ട് സിനിമകളിലും ഇന്നസെന്റേട്ടനും ഉണ്ട്.

പവിത്രത്തിന്റെ ക്ലൈമാക്‌സില്‍ ലാലേട്ടന്റെ പെര്‍ഫോമന്‍സിനെ വര്‍ണിക്കാന്‍ വാക്കുകളില്ല. ആ സീനില്‍ കസേരയിലിരുന്നുകൊണ്ട് പല്ലുകടിച്ച് സംസാരിക്കുന്ന സീന്‍ എന്തൊരു പെര്‍ഫോമന്‍സാണ്. ഇന്നും നമുക്ക് വല്ലാത്ത ഒരു ഇഷ്ടം ആ കഥാപാത്രത്തോട് തോന്നിപ്പോകും. ഇപ്പോള്‍ പറയുമ്പോള്‍ പോലും ആ ക്യാരക്ടറിന്റെ വേദന എത്രത്തോളമാണെന്ന് നമുക്ക് മനസിലാകും,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese about his favorite movies of Mohanlal

We use cookies to give you the best possible experience. Learn more