നടന്‍ അജ്മല്‍ അമീര്‍ യുവതിയുമായി നടത്തിയ ഫോണ്‍ കോളിന്റെ ഓഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മോശമായ രീതിയില്‍ സംസാരിക്കുന്ന അജ്മല്‍ അമീറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അജ്മലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ ഇതിനിടെ പലരും പങ്കുവെച്ചു. ഈ വിഷയത്തെക്കുറിച്ച് താരം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
പുറത്തുവന്ന സംഭാഷണം തന്റേതല്ലെന്നും അത് എ.ഐയാണെന്നുമാണ് അജ്മല്‍ ന്യായീകരിച്ചത്. ഒരു എ.ഐ ഓഡിയോയ്‌ക്കോ മെനഞ്ഞുണ്ടാക്കുന്ന കഥകള്‍ക്കോ തന്നെയോ തന്റെ കരിയറിനെയോ ഇല്ലാതാക്കാനാകില്ലെന്ന് അജ്മല്‍ അമീര്‍ പറഞ്ഞു. മൂന്ന് ഭാഷകളില്‍ പോയി കഴിവ് തെളിയിച്ചയാളാണ് താനെന്നും താരം അറിയിച്ചു.
എന്നാല്‍ കമന്റ് ബോക്‌സില്‍ കൂടുതല്‍ സ്ത്രീകള്‍ അജ്മല്‍ അമീറിനെതിരെ രംഗത്തെത്തി. തങ്ങളോടും മുമ്പ് മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നും ഇപ്പോള്‍ നല്ലവനായി അഭിനയിക്കരുതെന്നുമാണ് പലരും കമന്റ് പങ്കുവെച്ചത്. ഹണ്ട് എന്ന സിനിമയുടെ ഷൂട്ടിനിടെ തന്നോട് ഫ്‌ളര്‍ട്ട് ചെയ്യുന്ന രീതിയില്‍ മെസ്സേജുകളയച്ചിട്ടുണ്ടെന്നും പുറത്ത് പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരാള്‍ കമന്റ് ചെയ്തു. അന്നത്തെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം തന്റെ കൈയിലുണ്ടെന്നും ഇവര്‍ കമന്റ് ബോക്‌സില്‍ കുറിച്ചു.
സിനിമാ പ്രൊമോഷന്റെ സമയത്ത് തന്നോടും മോശമായി പെരുമാറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇത്തരം പരിപാടികള്‍ സ്ഥിരമാണെന്ന് ഇപ്പോള്‍ മനസിലായെന്നും മറ്റൊരു യുവതി കമന്റ് പങ്കുവെച്ചു. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ നിന്ന് മാറി കരിയറില്‍ ശ്രദ്ധിക്കാനും ഈ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തിന് അജ്മലിന്റെയടുത്ത് നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് മറ്റൊരു സ്ത്രീയും പ്രതികരിച്ചിട്ടുണ്ട്.
‘ഓഹോ എ.ഐ ആണല്ലോ, അപ്പോള്‍ എനിക്ക് മെസ്സേജയച്ചതും വീഡിയോ കോള്‍ ചെയ്തതും എ.ഐ ആയിരിക്കുമല്ലേ’ എന്ന് മറ്റൊരു യുവതിയും കമന്റ് പങ്കുവെച്ചു. കമന്റ് ബോക്‌സില്‍ കൂടുതലും അജ്മലിനെ വിമര്‍ശിച്ചുകൊണ്ടുള്ളവയാണ്. ‘ലെ എ.ഐ- ഇനി ഇതും എന്റെ നെഞ്ചത്ത് കൊണ്ടുവെക്ക്’, ‘ഇങ്ങനെ ഒരെണ്ണം വരാനുള്ള എ.ഐ പ്രോംപ്റ്റ് എന്താണെന്ന് പറയുമോ’ എന്നിങ്ങനെ താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.
എന്നാല്‍ താരത്തെ പിന്തുണച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം വ്‌ളോഗര്‍ മുകേഷ് നായര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോഡലിങ്ങിന്റെ പേരില്‍ പരസ്യത്തില്‍ അഭിനയിപ്പിച്ചതിന് മുകേഷ് നായര്‍ക്കെതിരെ അടുത്തിടെ പോക്‌സോ കേസ് ചാര്‍ത്തിയിരുന്നു. മുകേഷിന്റെ കമന്റ് ധാരാളം പരിഹാസ റിപ്ലൈകളും വന്നിട്ടുണ്ട്.
എന്റെ കാസറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് അജ്മലിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. ബെംഗളൂരുവിലെ ലഹരിമരുന്ന് കേസുകളുടെ അറിയാക്കഥകളിലൂടെയാണ് ഈ പേജ് ശ്രദ്ധിക്കപ്പെട്ടത്. അജ്മലിന്റെ ഓഡിയോ ക്ലിപ്പ് ലീക്കായതോടെ ഈ പേജ് കൂടുതല്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Content Highlight: Ajmal Amir’s justification video and comments gone viral