| Monday, 4th August 2025, 2:16 pm

നയന്‍താരക്കൊപ്പമുള്ള റോള്‍ ആളുകള്‍ വെറുക്കുമോയെന്ന് സംശയിച്ചു; ആ പേടി വെറുതെയായി: അജ്മല്‍ അമീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അജ്മല്‍ അമീര്‍. 2021ല്‍ നയന്‍താര നായികയായ നെട്രിക്കണ്‍ എന്ന തമിഴ് ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ അജ്മല്‍ ആയിരുന്നു വില്ലനായി എത്തിയത്. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.

കൊവിഡ് ലോക്ക്ഡൗണിന് മുമ്പേ ഷൂട്ടിങ് തുടങ്ങിയ ചിത്രമായിരുന്നു നെട്രിക്കണ്‍. ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ് അജ്മല്‍ പറയുന്നത്. എന്നാല്‍ കഥ കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ കഴിയുമോയെന്ന് സംശയിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞു.

‘പ്രേക്ഷകര്‍ എന്റെ റോള്‍ സ്വീകരിക്കുമോ വെറുക്കുമോ എന്നൊക്കെ ഒരുനിമിഷം കണ്‍ഫ്യൂഷന്‍ വന്നു. എന്നാല്‍ നയന്‍താരയോടൊപ്പം തുല്യപ്രാധാന്യമുള്ള സിനിമ തള്ളിക്കളയാന്‍ കഴിഞ്ഞില്ല. തീവ്രമായ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണത്.

വേട്ടമൃഗത്തെപ്പോലെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എന്റെ പേടിയൊക്കെ വെറുതെയായിരുന്നു. പ്രേക്ഷകര്‍ സിനിമകളെ കാണുന്ന രീതിയേ മാറിയിരിക്കുന്നു. കഥാപാത്രങ്ങളെയും സിനിമകളെയും വിശാലമായ അര്‍ഥത്തിലാണ് ഇന്നത്തെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്,’ അജ്മല്‍ അമീര്‍ പറയുന്നു.

ആ സിനിമയെക്കുറിച്ച് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്നും മിലിന്ദ് റാവുവിനും നയന്‍താരയ്ക്കുമൊപ്പമുള്ള സിനിമ വ്യത്യസ്തമായ അനുഭവമാണ് തന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കരിയറിലെ തന്നെ നല്ല കഥാപാത്രങ്ങളിലൊന്നായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

2005ല്‍ പുറത്തിറങ്ങിയ ഫെബ്രുവരി 14 എന്ന തമിഴ് ചിത്രത്തിലൂടെയാണ് അജ്മല്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം 2007ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന മലയാളം സിനിമയിലൂടെയാണ് അജ്മല്‍ ആദ്യമായി ഒരു നായകനായി എത്തുന്നത്.

എന്നാല്‍ പ്രണയകാലത്തിന് ശേഷം മലയാളത്തില്‍ നിന്ന് വന്നത് അതേ ചോക്ലേറ്റ് നായകന്‍ റോളുകളാണെന്നാണ് നടന്‍ പറയുന്നത്. അത്തരം റോളുകളില്‍ നിന്ന് മാറി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് തമിഴില്‍ നിന്ന് മിഷ്‌കിന്‍ അഞ്ചാതെയിലേക്ക് വിളിച്ചതെന്നും അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടുവെന്നും അജ്മല്‍ പറഞ്ഞു.

Content Highlight: Ajmal Ameer Talks About Nayanthara’s Netrikann Movie

We use cookies to give you the best possible experience. Learn more