| Monday, 19th January 2026, 8:39 am

കോളയുടെ പരസ്യം കാരണം എയറില്‍ നിന്ന് ഇറങ്ങുന്നതേയുള്ളൂ... ദേ അടുത്തത്, ട്രോളന്മാരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടാതെ അജിത് കുമാര്‍ റേസിങ്

അമര്‍നാഥ് എം.

സിനിമയ്ക്കും റേസിങ്ങിനും പുറമെ മറ്റ് പരസ്യങ്ങളിലോ പ്രൊമോഷനിലോ പങ്കെടുക്കാത്ത താരമാണ് അജിത്തെന്ന് ആരാധകര്‍ എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വന്ന പരസ്യം ആരാധകരെപ്പോലും നിരാശരാക്കി. തന്റെ റേസിങ് ടീമിന്റെ എനര്‍ജി പാര്‍ട്ണറായ കാംപ കോളയുടെ പരസ്യം ചെയ്തതിന് പിന്നാലെ അജിത്തിനെ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.

രണ്ട് ദിവസം മുഴുവന്‍ ട്രോളന്മാര്‍ അജിത്തിനെയും കാംപ കോളയെയും ട്രോളി എയറിലാക്കി. കോളയുടെ ക്ഷീണം മാറിവരുമ്പോഴേക്ക് അടുത്ത കണ്ടന്റിനെയും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. റേസിങ്ങിന്റെ പ്രൊമോഷന്റെ ഭാഗമായി അജിത്തിനൊപ്പം ഫെരാരിയില്‍ ദുബായ് ഓട്ടോഡ്രോമില്‍ ഒരു റൗണ്ട് റൈഡ് ചെയ്യാമെന്നതാണ് പുതിയ ഓഫര്‍.

കഴിഞ്ഞദിവസം ഇതിന്റെ പരസ്യം അജിത് കുമാര്‍ റേസിങ് പുറത്തുവിട്ടു. ജനുവരി 25നാണ് ഈ ഓഫര്‍. 3500 ദിനാര്‍ നല്‍കിയാല്‍ അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാമെന്നാണ് പരസ്യത്തില്‍. റേസിനോട് താത്പര്യമുള്ളവര്‍ക്ക് ഈ വാര്‍ത്ത സന്തോഷം നല്‍കിയെങ്കിലും ട്രോളന്മാര്‍ അവരുടെ പുതിയ കണ്ടന്റായാണ് ഈ വാര്‍ത്തയെ സമീപിച്ചത്.

‘കോള കഴിഞ്ഞു, അടുത്തത് ഊബര്‍, ഇനി എന്തൊക്കെയാണോ എന്തോ’ എന്നാണ് ഈ പോസ്റ്റ് ഉപയോഗിച്ചുകൊണ്ടുള്ള പ്രധാന ട്രോള്‍. ഒരു കൂട്ടം കുട്ടികളെ കാറിന് മുന്നിലിരുത്തി ഡ്രൈവര്‍ വേഗത്തില്‍ വണ്ടി ഓടിക്കുന്ന വീഡിയോയില്‍ അജിത്തിന്റെ മുഖം ഉപയോഗിച്ചുകൊണ്ടുള്ള ട്രോളിനും നല്ല റീച്ചാണ്. റൈഡ് കഴിഞ്ഞ് ക്ഷീണിച്ചാല്‍ ഒരു കുപ്പി കാംപ കോള നല്‍കുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

‘ഒരു നല്ല റേസിങ് ടീമിന് ഇങ്ങനെയുള്ള പ്രൊമോഷന്‍ ആവശ്യമില്ല. നല്ലതാണെങ്കില്‍ വിജയിക്കും’ അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര സിനിമാ പ്രൊമോഷനെക്കുറിച്ചുള്ള വാക്കുകളെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ഒരാള്‍ പോസ്റ്റ് പങ്കുവെച്ചു. പരസ്യവും പ്രൊമോഷനുമൊന്നും ചെയ്യാന്‍ താത്പര്യമില്ലാത്ത ആളാണ് അജിത്തെന്ന നരേറ്റീവ് ആരാധകര്‍ക്കിടയില്‍ നിലനിന്നതാണ് ഇത്തരം ട്രോളുകള്‍ക്ക് കാരണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ ഈ ട്രോളും കമന്റുകളുമൊന്നും അജിത്തിനെ ഒട്ടും ബാധിക്കില്ലെന്നാണ് കടുത്ത ആരാധകര്‍ വിലയിരുത്തുന്നത്. തന്റെ ജോലിയായ സിനിമയും പാഷനായ റേസിങ്ങും ഒരുമിച്ച് കൊണ്ടുപോവുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ അജിത്തിന് സമയമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കഴിഞ്ഞവര്‍ഷമാണ് അജിത് സ്വന്തമായി റേസിങ് ടീം ആരംഭിച്ചത്. ഇത്തവണത്തെ F2 ടൂര്‍ണമെന്റാണ് അജിത്തിന്റെ ലക്ഷ്യം. ദുബായില്‍ നടന്ന 24 H ചാമ്പ്യന്‍ഷിപ്പില്‍ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. പലരും റേസിങ്ങില്‍ നിന്ന് വിരമിക്കുന്ന പ്രായത്തില്‍ അതിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയ താരമാണ് അജിത്.

Content Highlight: Ajith’s racing getting trolls after the new ad

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more