| Friday, 16th January 2026, 5:36 pm

റീ റിലീസിലെ തുറുപ്പ് ചീട്ട്; ട്രെയ്‌ലറില്‍ റെക്കോര്‍ഡ് ഇട്ട് അജിത്ത് ചിത്രം മങ്കാത്ത

ഐറിന്‍ മരിയ ആന്റണി

റീ റിലീസിന്റെ കാലമാണ് ഇപ്പോള്‍. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി നിരവധി ചിത്രങ്ങള്‍ റീ റിലീസ് ചെയ്യുകയും തിയേറ്ററില്‍ ആഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി കൊണ്ട് അജിത്ത് കുമാറിന്റെ മങ്കാത്ത റീ റിലീസിനെത്തുന്നുണ്ട്.

എക്കാലത്തെയും ഹിറ്റിലൊന്നായി തീര്‍ന്ന ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോള്‍ ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലറിന് കിട്ടിയ ലൈക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച. 593k വ്യൂസ് നേടിയ ട്രെയ്‌ലറിന് 65k ലൈക്കുകളാണ് യൂട്യൂബില്‍ ലഭിച്ചത്.

ഒരു റീ റീലീസ് സിനിമക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും വലിയ വരവേല്‍പ്പായാണ് ആരാധകര്‍ ഇതിനെ കാണുന്നത്. വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിര്‍വഹിച്ച മങ്കാത്ത 2012നാണ് തിയേറ്ററുകളിലെത്തിയത്. ആക്ഷന്‍ ഴോണറിലൊരുങ്ങിയ ഈ ചിത്രം അന്ന് ആഗോളതലത്തില്‍ 74.25 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2026 ജനുവരി 23നാണ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അജിത്തിന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്നായ മങ്കാത്തക്ക് തിയേറ്ററില്‍ ആളെ കയറ്റാന്‍ പറ്റുമെന്നാണ് ആരാധകര്‍ കരുതുന്നത്.
24 കോടി ബജറ്റില്‍ എത്തിയ മങ്കാത്ത നിര്‍മിച്ചത് ദയാനിധി അലാങ്കിരിയാണ്. ശക്തി ശരവണന്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്.

ചിത്രത്തില്‍ അജിത് കുമാറിന് പുറമെ യില്‍ അര്‍ജുന്‍, തൃഷ, അഞ്ജലി, വൈഭവ്, ആന്‍ഡ്രിയ, അശ്വിന്‍, പ്രേംജി അമരന്‍, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

അതേസമയം ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍, തൃഷ, വൈഭവ്, ആന്‍ഡ്രിയ, പ്രേംജി അമരന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight:  Ajith’s film Mankatha’s re-release trailer gets good reviews

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more