| Friday, 28th November 2025, 4:45 pm

അഞ്ചാനോ, എത് അഞ്ചാന്‍, അതിനെ തീര്‍ത്ത്... റീ റിലീസില്‍ സൂര്യയെ നിഷ്പ്രഭമാക്കി അജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈ സീസണിലൂടെ പോകുന്ന തമിഴ്‌സിനിമാലോകത്ത് റീ റിലീസുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് സിനിമകളാണ് റീ റിലീസായി എത്തിയത്. ഇന്ന് മാത്രം രണ്ട് സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനുകളിലേക്കെത്തി. അജിത്തിന്റെ അട്ടഗാസം, സൂര്യയുടെ അഞ്ചാന്‍ എന്നീ സിനിമകളാണ് റീ റിലീസില്‍ ക്ലാഷ് നടത്തിയത്.

സൂര്യയുടെ അഞ്ചാനെ മറികടന്ന് അട്ടഗാസം തമിഴ്‌നാട്ടില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. പല തിയേറ്ററുകളിലെയും സെലിബ്രേഷന്‍ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ആരാധകര്‍ക്കിടയില്‍ കള്‍ട്ട് ഫാന്‍ ബേസുള്ള അജിത് ചിത്രമാണ് അട്ടഗാസം. ശരണ്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ആ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായിരുന്നു.

Attagasam/ IMDB

നവംബര്‍ ആദ്യവാരം അട്ടഗാസം 4K വേര്‍ഷന്‍ പുറത്തിറങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ലൈസന്‍സ് ഇഷ്യൂ കാരണം റിലീസ് മാറ്റിവെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ഇപ്പോഴിതാ ലേറ്റായി വന്നാലും ‘തല’യുടെ വരവ് ആരാധകര്‍ പരമാവധി ആഘോഷമാക്കുയാണ്. തൂത്തുക്കുടി ഗുരുവിന്റെ രംഗങ്ങളെല്ലാം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

അതേസമയം സൂര്യയുടെ അഞ്ചാനും തരക്കേടില്ലാത്ത സ്വീകരണമാണ് ലഭിക്കുന്നത്. 2014ല്‍ ആദ്യം റിലീസായ സമയത്ത് വലിയ രീതിയില്‍ വിമര്‍ശനം നേരിട്ട സിനിമയായിരുന്നു അഞ്ചാന്‍. സൂര്യയുടെ കരിയറില്‍ ഏറ്റവും വലിയ ഹൈപ്പിലായിരുന്നു അഞ്ചാന്‍ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

11 വര്‍ഷത്തിനിപ്പുറം റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് സംവിധായകന്‍ ലിംഗുസാമി തിയേറ്ററുകളിലെത്തിച്ചത്. സൂരിയുടെ രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് റീ റിലീസിനെത്തിച്ചത്. രണ്ടേമുക്കാല്‍ മണിക്കൂറുണ്ടായിരുന്ന ചിത്രം രണ്ടേകാല്‍ മണിക്കൂറിലേക്ക് ചുരുക്കിയാണ് അഞ്ചാന്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയത്.

അഞ്ചാന് ശേഷമാണ് സൂര്യയുടെ ബോക്‌സ് ഓഫീസ് കഷ്ടകാലം ആരംഭിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. റീ റിലീസില്‍ അഞ്ചാന്‍ എത്രകണ്ട് മുന്നേറുമെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കേരളത്തിലും അഞ്ചാന്‍ റീ റിലീസുണ്ടാകുമെന്ന് അറിയിച്ചെങ്കിലും അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു.

Content Highlight: Ajith’s Attagasam movie overtakes Anjaan in Tamilnadu

We use cookies to give you the best possible experience. Learn more