കാലങ്ങളായി പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരമാണ് അജിത് കുമാര്‍. തന്നെ കാണാന്‍ വരുന്ന ആരാധകര്‍ കാരണം മറ്റുള്ളവര്‍ ബുദ്ധിമുട്ടരുതെന്ന് കരുതിയാണ് അജിത് ഇത്തരമൊരു നീക്കം നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്വന്തം ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ട അജിത് സിനിമയുടെ പ്രൊമോഷനുകള്‍ക്ക് പോലും പോകാറില്ല.
എന്നാല്‍ താരം ചെല്ലുന്ന പൊതുയിടങ്ങളില്‍ ആരാധകരില്‍ ചിലരുടെ സാന്നിധ്യമുണ്ടാകാറുണ്ട്. കഴിഞ്ഞദിവസം അജിത് നടത്തിയ ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അജിത്തിനെ കണ്ട് ആരാധകര്‍ ‘തല തല’ എന്ന് ആര്‍ത്തുവിളിക്കുന്നത് വീഡിയോയില്‍ കാണാനാകും.
എന്നാല്‍ ഇത് അമ്പലമാണെന്നും പ്രാര്‍ത്ഥിക്കാനാണ് വന്നിരിക്കുന്നതെന്നും ആംഗ്യഭാഷയിലൂടെ അജിത് ആരാധകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ ഇതിനോടകം പല പേജുകളിലും വൈറലായിക്കഴിഞ്ഞു. വീഡിയോക്ക് താഴെ പലരും രസകരമായ കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്.
‘തലേ തലേ എന്ന് വിളിച്ച് ദൈവത്തിന്റെ അടുത്തെത്തുമ്പോള്‍ ‘ഓം തലയായ നമ’ എന്ന് പറയാതിരുന്നാല്‍ മതി’, ‘എത്ര സിമ്പിളായാണ് അദ്ദേഹം ഈ രംഗം കൈകാര്യം ചെയ്തത്’, ‘തല എന്ന പേര് വിളിക്കരുതെന്ന് അജിത് പറഞ്ഞത് എല്ലാവരും മറന്നോ’ എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ ഈ വീഡിയോ ഫാന്‍ ഫൈറ്റിനായും ചിലര്‍ ഉപയോഗിക്കുന്നുണ്ട്.
‘ഇതൊക്കെയാണ് മാതൃക, വേറെ വല്ലവരും ആയിരുന്നെങ്കില്‍ ഈ കൂട്ടവും അവരുടെ വിളിയും കണ്ട് രസിച്ചേനെ’ വിജയ്‌യുടെ പേര് എടുത്തു പറയാതെ ഒരാള്‍ കമന്റ് പങ്കുവെച്ചു. ‘കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ അജിത്തിന് അറിയാം, എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് അറിയില്ല’ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതാദ്യമായല്ല അജിത് തന്റെ ആരാധകരെ നിയന്ത്രിക്കുന്നത്.
കഴിഞ്ഞദിവസം ഒരു കഫേയില്‍ വെച്ച് അജിത്തിന്റെ കണ്ട ആരാധകന്‍ അദ്ദേഹത്തിന്റെ പേര് ഉറക്കെ വിളിച്ചിരുന്നു. പിന്നാലെ വിസിലടിച്ച ആരാധകനോട് അത് പാടില്ലെന്ന് താരം ഓര്‍മപ്പെടുത്തി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം ഓരോ സ്ഥലത്തും ചെല്ലാന്‍ അജിത് കാണിക്കുന്ന മനസ് അംഗീകരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
Content Highlight: Ajith Kumar’s latest video on temple viral