| Friday, 23rd January 2026, 8:20 pm

പാലെടുക്കട്ടെ? വേണ്ട ആ കാംപ കോളയെടുക്ക്; മങ്കാത്ത റീ റിലീസില്‍ അജിത്തിന് കോളയഭിഷേകം നടത്തി ആരാധകര്‍

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പമോ അതിനെക്കാളേറെയോ ആരാധക പിന്തുണയുളള താരമാണ് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അജിത് കുമാര്‍. അഭിനയത്തിന് പുറമെ റേസിങ്ങിലും സജീവമായ താരം സിനിമയില്‍ നിന്നും അനിശ്ചിത കാലത്തെ ഇടവേളയെടുത്തിരിക്കുകയാണ്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ക്ക് ആശ്വാസമേകി കൊണ്ടാണ് അജിത്തിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ മങ്കാത്ത റി റിലീസിനെത്തിയത്.

ഇന്ന് (വെള്ളി) റിലീസായ ചിത്രത്തിന് വലിയ വരവേല്‍പാണ് തമിഴ്‌നാട്ടില്‍ കിട്ടിയത്. പ്രീ റിലീസ് സെയിലില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് മങ്കാത്ത ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. വിജയ് ചിത്രം ഗില്ലിയുടെ റെക്കോര്‍ഡാണ് അഡ്വാന്‍സ് ബുക്കിങ്ങില്‍ 2.20 കോടി നേടി അജിത്ത് ചിത്രം തകര്‍ത്തത്.

Photo: Cinema Express

എന്നാല്‍ ഇതിനെല്ലാം പുറമെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ചിത്രം ആഘോഷമാക്കാനെത്തിയ തല ഫാന്‍സിന്റെ തിയേറ്ററിന് മുന്നിലുള്ള ചെയ്തികളാണ്. സാധാരണയായി തങ്ങളുടെ ഇഷ്ട നടന്റെ കൂറ്റന്‍ കട്ടൗട്ടിന് മുന്നില്‍ പാലഭിഷേകം നടത്തുന്ന കീഴ്‌വഴക്കത്തിന് പകരം അജിത്തിന് കോള ഉപയോഗിച്ചാണ് ആരാധകര്‍ അഭിഷേകം നടത്തിയിരിക്കുന്നത്. പൂമാല അണിയിച്ച അജിത്തിന്റെ കൂറ്റന്‍ ഫ്‌ളെക്‌സിന് മുകളില്‍ കയറി നിന്ന് വലിയ ബോട്ടിലില്‍ നിന്നും കോള ഒഴിക്കുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

അജിത്ത് പങ്കെടുക്കുന്ന റേസിങ്ങ് ടീമിന്റെ എനര്‍ജി പാര്‍ട്ണറായ കാംപ കോളക്ക് വേണ്ടി അജിത്ത് കുമാര്‍ നടത്തിയ പരസ്യം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് ഇരയായിരുന്നു. താനഭിനയിക്കുന്ന സിനിമകള്‍ക്കും റേസിങ്ങിനും മാത്രം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാറുള്ള താരം കോള കമ്പനിക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

കോളക്ക് പുറമെ 3500 ദിനാര്‍ നല്‍കിയാല്‍ അജിത്തിനൊപ്പം ഫെരാരിയില്‍ ഒരു റൗണ്ട് ചുറ്റാമെന്ന പരസ്യവും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. അജിത്തിനെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഊബറിന്റെ ഡ്രൈവറായി ഉപമിച്ചായിരുന്നു പരിഹാസം. ഇതെല്ലാം കെട്ടടങ്ങുന്നതിന് മുമ്പാണ് അജിത്തിനെ വീണ്ടും എയറിലാക്കി ആരാധകരുടെ വകയുള്ള കോള അഭിഷേകം.

വിജയ് ചിത്രം ഗില്ലിയെക്കാള്‍ 150 സ്‌ക്രീനുകള്‍ കുറവായിട്ടും അഡ്വാന്‍സ് ബുക്കിങ്ങില്‍ ചിത്രത്തെ വെട്ടിയ മങ്കാത്തക്ക് ഫൈനല്‍ കളക്ഷനിലും ഗില്ലിയെ തറ പറ്റിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റി റിലീസില്‍ 32 കോടിയാണ് ഗില്ലി സ്വന്തമാക്കിയിരുന്നത്.

Content Highlight: Ajith fans done cola abhishekam on mankatha poster

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more