സോഷ്യല്‍ മീഡിയയില്‍ കാണുന്ന വീഡിയോകളെല്ലാം പലരുടെയും ശ്രദ്ധ നേടുന്നുണ്ട്. പല വീഡിയോകളുടെയും ഉള്ളടക്കം ഒറിജിനലാണോ അല്ലയോ എന്ന് പോലും നോക്കാതെയാണ് പലരും ഷെയര്‍ ചെയ്യുന്നത്. എ.ഐയുടെ കടന്നുവരവിന് ശേഷം ഇത്തരം വീഡിയോകള്‍ ധാരാളമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സോഴ്‌സ് പോലും നോക്കാതെയാണ് പലരും ഇത്തരം വീഡിയോകള്‍ പങ്കുവെക്കുന്നത്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടുറോഡില്‍ ഫൈറ്റ് ചെയ്യുന്ന തമിഴ് സൂപ്പര്‍താരങ്ങളായ അജിത്തിന്റെയും വിജയ്‌യുടെയും വീഡിയോ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. ലിയോ എന്ന ചിത്രത്തിന്റെ ബി.ജി.എം ഉപയോഗിച്ചാണ് ഇരുവരുടെയും ഫൈറ്റ്. കണ്ടാല്‍ ഒറിജിനല്‍ പോലെ തോന്നുന്ന ഫൈറ്റ് സീന്‍ ഇതിനോടകം പലരുടെയും ഫീഡ് ഭരിക്കുകയാണ്.
അജിത്തിന്റെയും വിജയ്‌യുടെയും എ.ഐ വീഡിയോ Photo: Navaz Khan/ X.com
അജിത്തിനെ അടിച്ച് വീഴ്ത്തുന്ന വിജയ്‌യെ കാണിച്ചുകൊണ്ടാണ് ഈ എ.ഐ വീഡിയോ അവസാനിക്കുന്നത്. നവാസ് ഖാന്‍ എന്ന ഐ.ഡിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചത്. ഇതിനോടകം നിരവധിയാളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇങ്ങനെ പോവുകയാണെങ്കില്‍ നടന്മാരുടെ വിലയില്ലാതാകുമെന്നും അവര്‍ക്ക് പകരം എ.ഐ വീഡിയോകള്‍ ജോലി ചെയ്യുമെന്നുമൊക്കെയാണ് കമന്റുകള്‍. എന്നാല്‍ അജിത്തിനെ വിജയ് അടിച്ചിട്ടതില്‍ ചില ആരാധകര്‍ നിരാശ പങ്കുവെക്കുന്നുമുണ്ട്. അടുത്ത വീഡിയോയില്‍ അജിത് വിജയ്‌യെ അടിച്ച് വീഴ്ത്തുന്ന തരത്തില്‍ മാറ്റാമെന്നും നവാസ് മറുപടി നല്‍കി.
കഴിഞ്ഞദിവസം ഇത്തരത്തില്‍ മറ്റൊരു എ.ഐ വീഡിയോ വൈറലായിരുന്നു. ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ബ്രാഡ് പിറ്റും ടോം ക്രൂസും ഒരു ടെറസിന്റെ മുകളില്‍ വെച്ച് ഫൈറ്റ് ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ഇരുവരും തമ്മിലുള്ള ഫൈറ്റ് വീഡിയോ ഒറിജനിലാണെന്ന് പലരും ആദ്യം കരുതിയിരുന്നു. എന്നാല്‍ പിന്നീടാണ് ഇത് എ.ഐയാണെന്ന് പലര്‍ക്കും മനസിലായത്.
ഹോളിവുഡിനെ അനുകരിച്ചുകൊണ്ടാണ് തമിഴ് താരങ്ങളുടെ ഫൈറ്റ് വീഡിയോ ഒരുക്കിയതെന്നും കമന്റുകളുണ്ട്. നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ ആളുകള്‍ക്ക് എന്റര്‍ടൈന്മെന്റാണ് ഇത്തരം വീഡിയോകളെന്നും എന്നാല്‍ ചിലര്‍ അത് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് കുഴപ്പമെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ഭാവിയില്‍ സൂപ്പര്‍താരങ്ങളുടെ എ.ഐ ഫീച്ചര്‍ ഫിലിം വരെ പുറത്തിറങ്ങിയേക്കാമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
Content Highlight: Ajith and Vijay’s new AI video viral in social media