| Tuesday, 26th November 2019, 12:20 pm

സുപ്രീം കോടതി വിധിക്ക് പിന്നാലെ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അജിത് പവാര്‍; നല്ല വാര്‍ത്ത ഉടനെന്ന് എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

30 മിനിറ്റ് നേരമാണ് അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.

എന്‍.സി.പി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അജിത് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയിട്ടുണ്ട്. എന്‍.സി.പിയില്‍ നിന്ന് നാല് എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്നാണ് അറിയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.സി.പി നേതൃത്വം പ്രതികരിച്ചത്. അജിത് പവാറിന്റെ രാജിക്ക് എന്‍.സി.പി സമ്മര്‍ദ്ദം ചെലുത്തിയതായാണ് അറിയുന്നത്.

എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം. മഹാരാഷ്ട്രയില്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ മുംബൈയില്‍ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ബി.ജെ.പി.

നാളത്തെ വിശ്വാസവോട്ടെടുപ്പോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമാകുമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബി.ജെ.പി എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

14 ദിവസത്തെ സമയം അനുവദിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്. ഒട്ടും വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി ഇടപെടല്‍.

Latest Stories

We use cookies to give you the best possible experience. Learn more