| Wednesday, 28th January 2026, 11:09 pm

അജിത് പവാറിന്റെ മരണം വേദനാജനകം; അപകടത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: ശരദ് പവാര്‍

രാഗേന്ദു. പി.ആര്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് അവിഭക്ത എന്‍.സി.പി നേതാവ് ശരദ് പവാര്‍.

അജിത് പവറിന്റേത് തികച്ചും ഒരു അപകടമരണമാണെന്നും വിമാനാപകടത്തില്‍ ഗൂഢാലോചനയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാറിന്റെ സഹോദ പുത്രനാണ് അജിത് പവാര്‍.

അജിത് പവാറിന്റേത് അപ്രതീക്ഷിത മരണമാണെന്നും ശരദ് പവാര്‍ പ്രതികരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അജിത്തിന്റെ വിയോഗത്തോടെ മഹാരാഷ്ട്രയ്ക്ക് ഉണ്ടായിരിക്കുന്നത് വലിയ നഷ്ടമാണ്. കഴിവുളള ഒരു നേതാവിനെയും നല്ലൊരു വ്യക്തിയേയുമാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവിച്ചത് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും ശരദ് പവാര്‍ പറഞ്ഞു.

‘ഒന്നും നമ്മുടെ കൈയിലല്ല. അജിത് പവാറിന്റെ മരണവാര്‍ത്ത കേട്ടതോടെ ഞാന്‍ നിസഹായനായി മാറി. കരയുന്നത് ലജ്ജാകരമെന്ന് തോന്നിയേക്കാം. വലിയ വേദനയാണ് മനസിലുള്ളത്. അജിത്തിന്റെ മരണത്തില്‍ ഗൂഢാലോചനയില്ലെന്നാണ് മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്,’ ശരദ് പവാര്‍ പറഞ്ഞു.

അജിത് പവാര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

മമതയുടെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനത്തെ ഒന്നിലധികം പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.

2023ലാണ് അജിത് പവാറും അദ്ദേഹത്തെ പിന്തുണക്കുന്ന എന്‍.സി.പിയിലെ ഒരു വിഭാഗവും ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നത്. ഇതോടെ എന്‍.സി.പി പിളരുകയും ശരദ് പവാറും അജിത് പവാറും രണ്ട് പക്ഷത്താകുകയും ചെയ്തു.

എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത്തവണ നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ഒരുമിച്ച് മത്സരിച്ചിരുന്നു.

Content Highlight: Ajit Pawar’s death is painful; Don’t mix politics in the accident: Sharad Pawar

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more