| Friday, 17th October 2025, 8:25 pm

ഓസ്‌ട്രേലിയക്കെതിരെ മൂന്ന് സെഞ്ച്വറിയടിച്ചാലും അവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കണമെന്നില്ല; തുറന്നടിച്ച് അജിത് അഗാര്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഏകദിന ലോകകപ്പില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് രോഹിത്തും വിരാടുമെന്നും അവര്‍ വലിയ താരങ്ങളാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

എന്നാല്‍ ഇത് അവരുടെ വ്യക്തിഗത ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലെന്നും ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ടെന്നും താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല കളി മുന്നോട്ട് കൊണ്ടുപോകാന്‍ യുവ താരങ്ങള്‍ ഉണ്ടെന്നും ഓസ്‌ട്രേലിയക്കെതിരെ മൂന്ന് സെഞ്ച്വറി നേടിയാല്‍ അവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്നല്ല, അതിന് മറ്റ് ചില കാര്യങ്ങളും പരിഗണിക്കണമെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

‘ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അവര്‍. അവര്‍ വലിയ താരങ്ങളാണ്. എന്നാല്‍ ഇത് അവരുടെ വ്യക്തിഗത ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല. രണ്ട് വര്‍ഷം ഇനിയും ഉള്ളതിനാല്‍ എന്തെങ്കിലുമൊരു തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടാണ് (2027 ഏകദിന ലേകകപ്പ്). കളി മുന്നോട്ടുകൊണ്ടുപോകാന്‍ ഇപ്പോള്‍ യുവ താരങ്ങളുണ്ട്.

വിരാടും രോഹിത്തും മികച്ച താരങ്ങളാണെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ അവരെ എല്ലാ മത്സരങ്ങളിലും പരീക്ഷിക്കാന്‍ സാധിക്കില്ല. അവര്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ പ്രകടനത്തെ വിലയിരുത്തും. അവര്‍ റണ്‍സ് നേടുന്നതിനെക്കുറിച്ച് മാത്രമല്ല ഇത്, വിജയങ്ങളും കണക്കിലെടുക്കണം. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് സെഞ്ച്വറി നേടിയാല്‍ അവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്നല്ല, ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചാവും തീരുമാനം.

അവര്‍ അവരുടേതായ ഒരു ക്രിക്കറ്റ് പാരമ്പര്യം സൃഷ്ടിച്ചുകഴിഞ്ഞു. അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അവര്‍ക്ക് ബഹുമാനം നല്‍കണം. അവരുമായുള്ള ചില സംഭാഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല,’ അജിത് അഗാര്‍ക്കര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ആതേസമയം രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഒക്ടോബര്‍ 19ന് ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇതോടെ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തി ആദ്യദിന പരിശീലന സെഷനും ആരംഭിച്ചു. നിലവില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 30 മിനിട്ടോളം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Ajit Agarkar Talking About Virat Kohli And Rohit Sharma

We use cookies to give you the best possible experience. Learn more