| Saturday, 18th October 2025, 3:36 pm

അവന്‍ ഫിറ്റല്ല, നന്നായി ബോള്‍ ചെയ്യട്ടെ അപ്പോള്‍ നോക്കാം; ഇന്ത്യന്‍ സൂപ്പര്‍ ബൗളറെക്കുറിച്ച് അജിത് അഗാര്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര നാളെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കും. ഇതോടെ മത്സരത്തിനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. എന്നാല്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല.

തന്നെ ടീമില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഷമി അടുത്തിടെ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാക്കറിനെതിരെ രംഗത്ത് വന്നിരുന്നു. തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഒന്നും തന്നെ ചോദിച്ചില്ലെന്നാണ് ഷമി പറഞ്ഞത്.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. താന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഷമിയുമായി നിരവധി തവണ സംസാരിച്ചിരുന്നുവെന്നും ഫിറ്റനസ് ഇല്ലാത്തതിനാലാണ് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും ഷമിയെ ഒഴിവാക്കേണ്ടി വന്നതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

മാത്രമല്ല ആഭ്യന്തര സീസണ്‍ തുടങ്ങിയിട്ടുണ്ടെന്നും ഷമി നന്നായി ബൗള്‍ ചെയ്യുകയാണെങ്കില്‍, അദ്ദേഹത്തെപ്പോലൊരാളെ എങ്ങനെ വേണ്ടെന്ന് വെക്കാന്‍ സാധിക്കുമെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

‘അദ്ദേഹം അത് എന്നോട് ചോദിച്ചിരുന്നെങ്കില്‍ കൃത്യമായി ഞാന്‍ മറുപടി പറയുമായിരുന്നു. ഞാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ അദ്ദേഹവുമായി നിരവധി തവണ സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി അതിശയകരമായ പ്രകടനം നടത്തിയ താരമാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് അദ്ദേഹം ഫിറ്റായിരുന്നെങ്കില്‍ ടീമിനൊപ്പം വിമാനത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നേനെ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല.

നമ്മുടെ ആഭ്യന്തര സീസണ്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടത്ര ഫിറ്റ്‌നസുണ്ടോയെന്ന് നമുക്ക് നോക്കാം. അദ്ദേഹം നന്നായി ബൗള്‍ ചെയ്യുകയാണെങ്കില്‍, ഷമിയെപ്പോലൊരാളെ നിങ്ങള്‍ക്ക് എങ്ങനെ വേണ്ടെന്ന് വെക്കാന്‍ കഴിയും,’ അഗാര്‍ക്കര്‍ പറഞ്ഞു.

Content Highlight: Ajit Agarkar Talking About Mohammad Shami

We use cookies to give you the best possible experience. Learn more