| Sunday, 19th January 2025, 9:50 am

മികച്ച ടീമാകാന്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്; തുറന്ന് പറഞ്ഞ് അജിത് അഗാര്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. താരങ്ങളുടെ മോശം ഫോമും അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാണിച്ച് ബി.സി.സി.ഐ റിവ്യൂ മീറ്റിങ്ങില്‍ ടീമില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനേജ്മെന്റ് നിരീക്ഷിച്ചിരുന്നു.

ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങളും പുതിയ നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു. ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അടക്കമുള്ളവരാണ് ഈ തീരുമാനത്തിലെത്തിയത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് അഗാര്‍ക്കര്‍.

‘ഓരോ ടീമിനും അതിന്റേതായ നിയമങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഒരു ടീമെന്ന നിലയില്‍ ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയുന്ന മേഖലകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. മികച്ച ടീമാകാന്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഞങ്ങള്‍ മനസിലാക്കി.

ഇത് അവരെ വിദ്യാര്‍ത്ഥികളെപ്പോലെ പരിഗണിക്കുന്നതിനോ അവരെ ശിക്ഷിക്കുന്നതിനോ അല്ല. ചില നിയമങ്ങളുണ്ട്, നിങ്ങള്‍ ദേശീയ ടീമിനായി കളിക്കുമ്പോള്‍, നിങ്ങള്‍ അവ പിന്തുടരുക. ഇവര്‍ പക്വതയുള്ള പ്രൊഫഷണലുകളാണ്, അന്താരാഷ്ട്ര കായികരംഗത്ത് അവര്‍ സൂപ്പര്‍ താരങ്ങള്‍.

ആത്യന്തികമായി, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു, ഏതൊരു ടീമിന്റെയും കാര്യത്തിലെന്നപോലെ നിങ്ങളും ചിലത് പിന്തുടരേണ്ടതുണ്ട്. ഈ നിയമങ്ങളില്‍ പലതും എല്ലായ്‌പ്പോഴും നിലവിലുണ്ട്, ഒരുപക്ഷേ ഇപ്പോഴാണ് അവ പരസ്യമായി ചര്‍ച്ചചെയ്യപ്പെടുന്നത്. അവ എല്ലായ്‌പ്പോഴും ഘടനയുടെ ഭാഗമാണ്. സമയം കഴിയുന്തോറും, ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ട്,’ അഗാര്‍ക്കര്‍ പറഞ്ഞു.

Content Highlight: Ajit Agarkar Talking About Indian Cricket Team

We use cookies to give you the best possible experience. Learn more