| Sunday, 5th October 2025, 1:51 pm

സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററെന്ന് അഗാർക്കർ; കണക്കുകള്‍ പറഞ്ഞ് തിരുത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

‘സഞ്ജുവൊരു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്, അതിനാലാണ് മധ്യനിരയില്‍ കഴിവ് തെളിയിച്ച ധ്രുവ് ജുറെലിന് അവസരം നല്‍കിയത്.’ സഞ്ജു സാംസണിനെ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞതാണിത്. കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

സഞ്ജു രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ടീം പുറത്ത് വന്നപ്പോള്‍ താരം വീണ്ടും തഴയപ്പെട്ടു. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ താരത്തിനോടാണ് ഈ അവഗണന. താരത്തിന് ടോപ് ഓര്‍ഡറില്‍ സ്ഥാനമില്ലെന്നും മധ്യനിര ബാറ്ററല്ലെന്നും പറഞ്ഞാണ് ഈ അവഗണന എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ ഇതിനെതിരെ കണക്കുകള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

അജിത് അഗാര്‍ക്കാരുടെ വാദം പച്ചക്കള്ളമാണെന്നാണ് ആരാധകര്‍ എന്നടങ്കം പറയുന്നത്. പലരും സഞ്ജുവിന്റെ ഏകദിനത്തിലെ സ്റ്റാറ്റസുകള്‍ പങ്കുവെച്ചാണ് അഗാര്‍ക്കാരുടെ വാദത്തെ എതിര്‍ക്കുന്നത്. 16 മത്സരങ്ങളില്‍ 14 തവണ ബാറ്റിങ്ങിനെത്തിയ താരം 510 റണ്‍സ് നേടിയിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടികാണിക്കുന്നു. ഇതില്‍ ടോപ് ഓര്‍ഡറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കളിക്കാന്‍ എത്തിയത് മൂന്ന് തവണയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറഞ്ഞു വെക്കുന്നു.

കൂടാതെ ആരാധകര്‍ 50 ഓവര്‍ ക്രിക്കറ്റില്‍ ഓരോ പൊസിഷനുകളിലും സഞ്ജു എത്ര ഇന്നിങ്സ് ബാറ്റ് ചെയ്തുവെന്നും എത്ര റണ്‍സ് നേടിയെന്നതിന്റെയും കണക്കുകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ കൂടെ ഈ ബാറ്റിങ് സ്ഥാനങ്ങളില്‍ താരത്തിന്റെ ആവറേജ്, സ്‌ട്രൈക്ക് റേറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു ആരാധകന്‍ സഞ്ജു അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തുമായി പത്ത് തവണ ബാറ്റ് ചെയ്തിട്ടുണ്ടെന്നും അവിടെ 296 റണ്‍സ് നേടിയിട്ടുണ്ടെന്നും എക്സില്‍ കുറിച്ചു. 2023ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയതിന് പിന്നാലെ മുന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ ‘സെലക്ടര്‍മാര്‍ ഇനി സഞ്ജുവിനെ മറക്കില്ലെന്ന്’ പറഞ്ഞതിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് ആരാധകന്‍ ഈ കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക്, എക്‌സ് എന്നീ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ആരാധകരാണ് സഞ്ജുവിന്റെ ഈ ഏകദിന സ്റ്റാറ്റസുകള്‍ പങ്കുവെച്ച് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒപ്പം, അവസാന ഏകദിനത്തിലെ താരത്തിന്റെ സെഞ്ച്വറി നേടിയ വീഡിയോകളും ആരാധകരും ഫാന്‍ പേജുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

അതേസമയം, 2023ലാണ് സഞ്ജുവിന് അവസാനമായി ഏകദിനത്തില്‍ അവസരം ലഭിച്ചത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി. എന്നിട്ടും പിന്നീടുള്ള ഏകദിന പരമ്പരയില്‍ താരം തഴയപ്പെടുകയായിരുന്നു.

സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിട്ടും താരം രണ്ട് വര്‍ഷത്തോളമാണ് പുറത്ത് നിന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷബ് പന്തിന്റെ പരിക്ക് കാരണം ടീമില്‍ ഇടം പിടിച്ചേക്കാമെന്ന് വിലയിരുത്തപ്പെട്ട ഒരു സമയത്താണ് സഞ്ജു വീണ്ടും പുറത്താവുന്നത്.

Content Highlight: Ajit Agarkar says Sanju Samson is a top-order batter; fans correct him by citing Sanju’s ODI stats

We use cookies to give you the best possible experience. Learn more