ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
സ്‌ക്വാഡില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫിറ്റ്‌നസിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് പേസറെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത്. എന്നാല്‍ ജസ്പ്രീത് ബുംറയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ആശ്വാസമായെങ്കിലും താരത്തിന് അഞ്ച് ടെസ്റ്റ് മത്സരത്തിലും പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാക്കര്‍ പറയുന്നത്.
ഫിസിയോയും ഡോക്ടര്‍മാരും പറഞ്ഞതുപോലെ ബുംറയ്ക്ക് അഞ്ച് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മൂന്നോ നാലോ ടെസ്റ്റുകള്‍ക്ക് ബുംറ ലഭ്യമായാല്‍ മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നും മുന്‍ താരം പറഞ്ഞു.
‘ഫിസിയോയും ഡോക്ടര്‍മാരും ഞങ്ങളോട് പറഞ്ഞതുപോലെ, അവന്‍ അഞ്ച് ടെസ്റ്റുകള്‍ക്കും ലഭ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല. 3-4 ടെസ്റ്റുകള്‍ക്ക് അദ്ദേഹം ലഭ്യമാകുമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. 3-4 ടെസ്റ്റുകള്‍ക്ക് അദ്ദേഹം ലഭ്യമാകുമെങ്കില്‍ അദ്ദേഹം കുറച്ച് ടെസ്റ്റ് മത്സരങ്ങളില്‍ മികവ് പുലര്‍ത്തും… അവന്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ അജിത് അഗാക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 303* റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് കരുണ്‍. മാത്രമല്ല അടുത്ത കാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. മാത്രമല്ല ഐ.പി.എല്ലില്‍ തിളങ്ങിയ ഗുജറാത്ത് താരം സായി സുദര്‍ശനും അര്‍ഷ്ദീപ് സിങ്ങും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
Content Highlight: Ajit Agakar Talking About Jasprit Bumrah Ahead England Test Series