| Monday, 10th August 2026, 12:22 pm

വിരമിച്ചപ്പോള്‍ കുറച്ച് കാലം കൂടി കളിക്കണമെന്ന് അദ്ദേഹം പറഞ്ഞു: രഹാനെ

സുദേവ് എ

ഇന്ത്യന്‍ ഇതിഹാസ താരം അജിന്‍ക്യ രഹാനെ അടുത്തിടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിശ്വസ്തനായ ബാറ്ററായിരുന്നു രഹാനെ. ക്യാപ്റ്റന്‍സിയിലും രഹാനെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് വിരാമം കുറിച്ചത്.

ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നോട് സംസാരിച്ച താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഹാനെ. വിരമിച്ചതിന് ശേഷം തന്നെ ആദ്യം വിളിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നുവെന്നാണ് രഹാനെ പറഞ്ഞത്. ഇനിയും കുറച്ചുകാലം കളിക്കണമെന്ന് സച്ചിന്‍ തന്നോട് പറഞ്ഞെന്നും രഹാനെ വ്യക്തമാക്കി.

സച്ചിന് പുറമെ ഇര്‍ഫാന്‍ പത്താന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും സന്ദേശങ്ങള്‍ അയച്ചുവെന്നും രഹാനെ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഹാനെ ഇക്കാര്യം പറഞ്ഞത്.

‘ആദ്യമായി വിളിച്ചത് സച്ചിന്‍ പാജിയായിരുന്നു. ഇനിയും കുറച്ചുകാലം കളിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ഒരു ഖേദവുമില്ലാതെ വിരമിക്കുന്നതില്‍ ഇനി കളിക്കുന്നത് തുടരാന്‍ താത്പര്യം ഇല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇര്‍ഫാന്‍ പത്താനും എന്നെ വിളിച്ചു. പൂജാര, വിരാട്, രോഹിത്, ബുംറ എന്നിവരും എനിക്ക് സന്ദേശങ്ങള്‍ അയച്ചു. എല്ലാവരോടും ഞാന്‍ ഒരേ കാര്യമാണ് പറഞ്ഞത്. ക്രിക്കറ്റിനായി എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം നല്‍കിയതിനാല്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്,’ രഹാനെ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നേ വരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കിയിട്ടില്ലാത്ത സ്‌പെഷ്യല്‍ നേട്ടവും കൈപ്പിടിയിലാക്കിയാണ് രഹാനെ പടിയിറങ്ങിയത്. പ്രശസ്ത മുല്ലാഗ് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരം രഹാനെയാണ്.

മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ ജോണി മുല്ലാഗിനോടുള്ള ബഹുമാനസൂചകമായി ബോക്‌സിങ് ഡേ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് നല്‍കുന്നതാണ് ഈ മെഡല്‍. നിലവില്‍ മുല്ലാഗ് മെഡല്‍ സ്വന്തമാക്കിയത് രഹാനെയടക്കം അഞ്ച് താരങ്ങള്‍ മാത്രമാണ്. 2020ലാണ് പ്രഥമ മുല്ലാഗ് അവാര്‍ഡ് ആദ്യമായി പ്രഖ്യാപിച്ചത്. അന്ന് നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ക്യാപ്റ്റനായിരുന്ന രഹാനെയാണ് ഈ നേട്ടം ആദ്യം കരസ്ഥമാക്കിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. അന്ന് 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 85 മത്സരങ്ങളിലെ 144 ഇന്നിങ്സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്.

മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്. ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.

Content Highlight: Ajinkya Rahane talks about Sachin Tendulker

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more