ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഷമിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ. ഷമി ടീമിലുണ്ടായിരുന്നത് തങ്ങളുടെ ഭാഗ്യമായിരുന്നുവെന്നും നെറ്റ്‌സില്‍ നേരിടാന്‍ ഏറ്റവും അപകടകാരിയായ ബൗളറായിരുന്നു ഷമിയെന്നും അദ്ദേഹം പറഞ്ഞു. സോണി സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘ടെസ്റ്റായാലും ഏകദിനമായാലും പന്തെറിഞ്ഞ് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ഗ്രൗണ്ടിലെത്തി തന്റെ പ്രതിബദ്ധതയും പോരാട്ടവീര്യവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹം ഞങ്ങളുടെ ടീമിലുണ്ടായിരുന്നത് ഞങ്ങളുടെ ഭാഗ്യമായിരുന്നുവെന്നാണ് എനിക്ക് പറയാനുള്ളത്.
നെറ്റ്‌സില്‍ നേരിടാന്‍ ഏറ്റവും അപകടകാരിയായ ബൗളറായിരുന്നു അദ്ദേഹം. അത്രത്തോളം മികച്ച രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ബൗശിങ്. അതിശയിപ്പിക്കുന്ന സീം പൊസിഷനായിരുന്നു അദ്ദേഹത്തിന്റേത്. ഏത് പ്രതിസന്ധി ഘട്ടമുണ്ടായാലും മത്സരം വിജയിപ്പിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ മനോഭാവം അങ്ങനെയായിരുന്നു,’ രഹാനെ പറഞ്ഞു.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടങ്ങിയ ടെസ്റ്റ് കരിയറിലെ മറക്കാനാകാത്ത ഒരു പിടി ഓര്‍മകള്‍ ബാക്കി വെച്ചുകൊണ്ടാണ് ഇന്ത്യ കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ഷമി മടങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അരങ്ങേറ്റം കുറിച്ച ദിവസം തന്നെ ഷമി തന്റെ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.
2013 നവംബര്‍ ആറിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 279ാമനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ മത്സരം കളിച്ച ഷമി ഒമ്പത് വിക്കറ്റ് നേടി തന്റെ അരങ്ങേറ്റം സംഭവബഹുലമാക്കി.
ഓവലില്‍ നടന്ന 2023ലെ ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് 36കാരനായ ഷമി തന്റെ അവസാനമത്സരം കളിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 64 മത്സരങ്ങളില്‍ നിന്നായി 229 വിക്കറ്റുകള്‍ അദ്ദേഹം നേടിയാണ് ഷമി പടിയിറങ്ങുന്നത്.
Content Highlight: Ajinkya Rahane Talks About Mohammed Shami