| Thursday, 20th August 2026, 9:10 pm

മാച്ച് വിന്നർ, ഇന്ത്യൻ ടീം അവനെ പിന്തുണക്കണം: നിർദേശവുമായി രഹാനെ

സുദേവ് എ

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ സ്പിന്നർ കുൽദീപ് യാദവിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഈ മോശം സമയത്ത് കുൽദീപിനെ ടീം പിന്തുണക്കണമെന്നും നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ കുൽദീപിന് സാധിക്കുമെന്നുമാണ് രഹാനെ പറഞ്ഞത്.

കുൽദീപ് ഒരു മാച്ച് വിന്നിങ് ബൗളർ ആണെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു രഹാനെ.

‘കുൽദീപ് യാദവിന് കൂടുതൽ ആത്മവിശ്വാസം നൽകണം. ഈ സമയത്ത് ടീം അദ്ദേഹത്തെ പിന്തുണയ്ക്കണം. നിർണായകമായ സമയങ്ങളിൽ അദ്ദേഹം പലപ്പോഴും വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇവിടെ കുൽദീപിന് കൂടുതൽ പന്തെറിയാൻ അവസരം ലഭിച്ചിട്ടില്ല.

ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിന്റെ സംഭവിക്കും. ചിലപ്പോൾ നല്ല താളത്തിൽ പന്തെറിയാൻ സാധിക്കില്ല. പക്ഷേ ഇതേ സാഹചര്യം തുടരുകയാണെങ്കിൽ ടീമിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിക്കണം. അദ്ദേഹം ഒരു മികച്ച മാച്ച് വിന്നിങ് ബൗളറാണ്. ഇപ്പോൾ ടീം അദ്ദേഹത്തെ പിന്തുണച്ചാൽ അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു,’ അജിൻക്യ രഹാനെ പറഞ്ഞു.

ശ്രീലങ്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഒരു വിക്കറ്റ് മാത്രമാണ് കുൽദീപ് യാദവിന് നേടാൻ സാധിച്ചത്. 25 ഓവറുകൾ എറിഞ്ഞ താരം 105 റൺസും വിട്ടു നൽകിയിരുന്നു.

അതേസമയം ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ വമ്പൻ ജയമാണ്‌ നേടിയത്. ലങ്കയുടെ തട്ടകമായ ഗാല്ലെയിൽ നടന്ന മത്സരത്തിൽ 165 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 206 റൺസിന് പുറത്തായി.

ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. ഓഗസ്റ്റ് 23നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാൻ ലങ്കക്ക് വിജയം അനിവാര്യമാണ്.

Content Highlight: Ajinkya Rahane talks about Kuldeep Yadav

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more