| Monday, 10th August 2026, 7:56 am

ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല, ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണം: രഹാനെ

സുദേവ് എ

2027 ഐ.സി.സി ഏകദിന ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം അജിന്‍ക്യ രഹാനെ. രോഹിത്തിനെ പോലെ പരിചയസമ്പന്നനായ ഒരു താരത്തിന്റെ സാന്നിധ്യം ലോകകപ്പില്‍ വളരെ പ്രധാനമാണെന്നാണ് രഹാനെ പറഞ്ഞത്.

നിര്‍ണായക മത്സരങ്ങളില്‍ രോഹിത്തിന്റെ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. ഐഡിയ എക്‌സ്‌ചേഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഹാനെ.

‘രോഹിത് ശര്‍മ 2027 ഏകദിന ലോകകപ്പ് കളിക്കണം. വര്‍ഷങ്ങളായി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റില്‍ അദ്ദേഹത്തെ പോലെ പരിചയസമ്പന്നനായ ഒരു താരത്തിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. കളിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശത്തിലും മനോഭാവത്തിലും ഒരു സംശയവുമില്ല.

പ്രകടനങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് ടീമിന് ഉപകാരപ്പെടും. അതിനാല്‍ 2027 ലോകകപ്പ് കളിക്കാന്‍ അദ്ദേഹം തയ്യാറാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണം. അതില്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല,’ രഹാനെ പറഞ്ഞു.

2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് രോഹിത്തിന്റെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

രോഹിത് ശർമ

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ലോര്‍ഡ്‌സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബറിലാണ് ഇന്ത്യ അടുത്ത ഏകദിന പരമ്പര കളിക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ പരമ്പരയില്‍ രോഹിത് വീണ്ടും ഇന്ത്യന്‍ ജേഴ്സിയണിയും.

Content Highlight: Ajinkya Rahane talks about former Indian captain Rohit Sharma

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more