ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ. ഫിറ്റ്‌നസായാലും ഭക്ഷണക്രമമായാലും എല്ലാം വിരാട് സ്വയം ചെയ്താണ് മാതൃക കാട്ടിയതെന്നും ഒരു ക്യാപ്റ്റനോ താരമോ സ്വയം മാതൃകയായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും ടീമും അതേ പാത പിന്തുടരുമെന്നും രഹാനെ പറഞ്ഞു.
‘മറ്റാരോടും വിരാട് ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ഫിറ്റ്‌നസായാലും ഭക്ഷണക്രമമായാലും എല്ലാം അദ്ദേഹം സ്വയം ചെയ്താണ് മാതൃക കാട്ടിയത്. 375 (364) റണ്‍സ് പിന്തുടര്‍ന്ന അഡ്‌ലെയ്ഡ് ടെസ്റ്റ് മത്സരത്തില്‍ അദ്ദേഹം രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ സംഭവം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം കളിച്ച രീതി, അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം അതെല്ലാം പ്രകടനത്തിലൂടെ തന്നെ അദ്ദേഹം കാണിച്ചുതന്നു.
ഒരു ക്യാപ്റ്റനോ താരമോ സ്വയം മാതൃകയായി പ്രവര്‍ത്തിക്കുമ്പോള്‍, സ്വാഭാവികമായും ടീമും അതേ പാത പിന്തുടരും. മറ്റാരെയും ഒന്നും ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നില്ല. അദ്ദേഹം സ്വയം അത് ചെയ്തുകാണിക്കുകയായിരുന്നു,’ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനോട് അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലിയും അജിന്‍ക്യാ രഹാനെയും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ മധ്യനിര കൂട്ടുകെട്ടുകളിലൊന്നാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയെ കരകയറ്റുന്നതില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം 67 ഇന്നിങ്‌സുകളില്‍ നിന്ന് 3,661 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 56.32 ശരാശരിയുള്ള ഇവരുടെ പേരില്‍ 10 സെഞ്ച്വറി കൂട്ടുകെട്ടുകളും 17 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഉണ്ട്.
2016ല്‍ ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെ നാലാം വിക്കറ്റില്‍ നേടിയ 365 റണ്‍സാണ് ഇവരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തവും വിജയകരവുമായ ബാറ്റിങ് സഖ്യങ്ങളിലൊന്നായി കോഹ്ലി രഹാനെ കൂട്ടുകെട്ട് ഇന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രയ്ക്ക് അടുത്തിടെ വിരാമമിട്ടിരുന്നു. രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്‌സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.