| Thursday, 6th August 2026, 6:41 pm

ആദ്യ രണ്ട് വര്‍ഷങ്ങളായിരുന്നു എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞത്: അജിന്‍ക്യാ രഹാനെ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ. ടീമിലെത്തിയതിന് ശേഷം ആദ്യത്തെ രണ്ട് വര്‍ഷം തനിക്ക് പ്ലെയിങ് ഇലവനില്‍ എത്താന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നെന്നും ടെസ്റ്റ് അരങ്ങേറ്റത്തിനായി തനിക്ക് 20 മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 12ാം തരമായി പരിഗണിച്ച തനിക്ക് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും അതാണ് തന്നെ ദീര്‍ഘ കാലം ക്രിക്കറ്റ് കളിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘2011ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷങ്ങളായിരുന്നു എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ടെസ്റ്റ് അരങ്ങേറ്റത്തിനായി എനിക്ക് 20 മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ആ രണ്ട് വര്‍ഷവും ഞാന്‍ 12ാമത്തെ താരമായിരുന്നു. അതൊരു പ്രയാസകരമായ ഘട്ടമായിരുന്നെങ്കിലും, അതില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി.

അന്ന് എനിക്ക് മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകില്‍ സഹതാപം തേടുക, അല്ലെങ്കില്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. 12ാമത്തെ താരമായിരിക്കുന്നതിലോ വെള്ളം കൊണ്ടുകൊടുക്കുന്നതിലോ ടീമംഗങ്ങളെ സഹായിക്കുന്നതിലോ യാതൊരു കുറവും ഇല്ല. ഞാന്‍ അതിനെ പോസിറ്റീവായി സ്വീകരിച്ചു. ചുറ്റുമുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് പഠിക്കുമായിരുന്നു.

അതാണ് എനിക്ക് ദീര്‍ഘകാലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ സഹായിച്ചത്. മറ്റുള്ളവരെ നിരീക്ഷിച്ചതിലൂടെ എന്റെ സമീപനവും മാനസിക നിലപാടും കൂടുതല്‍ മെച്ചപ്പെട്ടു. സഹതാപം നേടുക എളുപ്പമായിരുന്നു. പക്ഷേ, അത്തരമൊരു സഹതാപം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്‌സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

Content Highlight: Ajinkya Rahane Talking About Challenges In His Cricket Carrier

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more