| Monday, 26th January 2026, 7:17 am

ഗെയിം പ്ലാന് മാറ്റരുത്, സഞ്ജു തിരിച്ചുവരണം; പിന്തുണയുമായി രഹാനെ

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിന് എതിരെ കഴിഞ്ഞ ദിവസം (ജനുവരി 25) നടന്ന ടി-20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. പൂജ്യം റണ്‍സിനായിരുന്നു താരം കിവീസിനെതിരെ പുറത്തായത്. ഇതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ താരത്തെ കുറിച്ച് ക്രിക്ക്ബസില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ചിരുന്നു.

സഞ്ജു സാംസണ്‍ തന്റെ സ്ഥാനത്തെക്കുറിച്ച് വിഷമിക്കേണ്ടെന്നും എന്നാല്‍ അഭിഷേക് ശര്‍മയുമായി പൊരുത്തപ്പെടുന്നതില്‍ സഞ്ജു സ്വയം സമ്മര്‍ദത്തിലാകുമെന്നും രഹാനെ പറഞ്ഞു. മാത്രമല്ല സഞ്ജു തന്റെ ഗെയിം പ്ലാനില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്നും ഫോമിലേക്ക് മടങ്ങിയെത്തണമെന്നും രഹാനെ പറഞ്ഞു. കൂടാതെ സഞ്ജുവിന് വ്യത്യസ്ത കഴിവുകളുണ്ടെന്നും സഞ്ജു അത് പ്രകടമാക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ടീം മാനേജ്മെന്റിന്റെയും ക്യാപ്റ്റന്റെയും പങ്ക് നിര്‍ണായകമാകുമെന്ന് ഞാന്‍ കരുതുന്നു, സഞ്ജു സാംസണിനോട് നിങ്ങള്‍ ഇനിയുള്ള മത്സരങ്ങളിലും ലോകകപ്പിലും കളിക്കുമെന്ന് പറയുന്നു. അതിനാല്‍ നിങ്ങളുടെ സ്ഥാനത്തെക്കുറിച്ച് വിഷമിക്കേണ്ട.

എന്നാല്‍ അഭിഷേക് ശര്‍മയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിനാല്‍ സഞ്ജു സാംസണ്‍ സ്വയം സമ്മര്‍ദത്തിലാകും. സഞ്ജു സാംസണ്‍ ചെയ്യേണ്ട ഒരേയൊരു കാര്യം സ്വന്തം ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കുകയും സ്വയം പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. ഇഷാന്‍ കിഷന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്, പൊതുവെ ആ താളത്തിലുള്ള വ്യക്തിയെയാണ് ടീം പൊതുവെ നോക്കുന്നത്.

സഞ്ജു സാംസണിന് വ്യത്യസ്തമായ കഴിവുള്ളതിനാല്‍, അദ്ദേഹം അത് പ്രകടമാക്കണം. രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം കളിച്ച ഇന്നിങ്സിനെക്കുറിച്ച് ചിന്തിക്കുക. അദ്ദേഹം സ്വയം പ്രകടിപ്പിക്കുകയും ഫോമിലേക്ക് മടങ്ങുകയും വേണം. അദ്ദേഹം കളി മുന്നോട്ട് കൊണ്ടുപോകുക,’ രഹാനെ ക്രിക്ക്ബസില്‍ പറഞ്ഞു.

കിവീസിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമാണ് എടുത്തത്. രണ്ടാം ടി – 20 യിലും താരത്തിന് അഞ്ച് പന്തില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു എടുക്കാന്‍ സാധിച്ചത്. മൂന്നാം മത്സരത്തില്‍ താരം അതിലും പരിതാപകരമായ നിലയിലാണ്.

ഇന്ത്യന്‍ ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായാണ് മലയാളി താരം തിരികെ നടന്നത്. അതേസമയം ഇഷാന്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ 76 റണ്‍സും ഇപ്പോള്‍ 28 റണ്‍സും നേടി ഫോമിലേക്ക് തിരിച്ചെത്തി. കിവീസിനെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ മാന്‍ ഇന്‍ ബ്ലൂവിന് പരമ്പര സ്വന്തമാക്കാനും സാധിച്ചു.

Content Highlight: Ajinkya Rahane Supports Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more