മലയാളി താരം സഞ്ജു സാംസണിനെ സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.
സഞ്ജുവുമായി ടീം മാനേജ്‌മെന്റ് ഈ കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവെഹിച്ച താരത്തെ സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് അല്‍പം വിചിത്രമായി തോന്നുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഞ്ജു സാംസണ്‍
‘സഞ്ജു സാംസണുമായി ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ ഇന്ത്യയുടെ ടി-20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവെഹിച്ച താരത്തെ സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത് അല്‍പം വിചിത്രമായാണ് തോന്നുന്നത്. സഞ്ജുവിനെ ഉടന്‍ തന്നെ വീണ്ടും ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ രഹാനെ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
നിലവില്‍ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിന് പകരം ഇടം നേടിയത് വൈഭവ് സൂര്യവംശിയാണ്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും വൈഭവിനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല കഴിഞ്ഞ ദിവസം സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേര് ഇല്ലാത്തത് ഏറെ അമ്പരപ്പിക്കുന്നതാണ്. സിംബാബ്‌വേക്കതിരായ സ്‌ക്വാഡില്‍ സഞ്ജുവിനെ ഒഴിവാക്കിയതിനാല്‍ നേരത്തെ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ നിന്നും താരത്തെ തഴയുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പര കൈവിടാതിരിക്കാനുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Ajinkya Rahane Supports Sanju Samson