| Friday, 22nd August 2025, 2:23 pm

സഞ്ജു ഇല്ല: ഏഷ്യാ കപ്പിനുള്ള ഇലവന്‍ തെരഞ്ഞെടുത്ത് അജിന്‍ക്യാ രഹാനെ

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് ആരംഭിക്കുന്നത്.

പ്രതീക്ഷിച്ചപോലെ മലയാളി താരം സഞ്ജു സാംസന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. എന്നിരുന്നാലും താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ഇതിനിടയില്‍ തന്റെ ഏഷ്യാ കപ്പിനുള്ള ടീം തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. സഞ്ജുവിനെ മാറ്റി നിര്‍ത്തിയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ജിതേഷ് ശര്‍മയെ ഉള്‍പ്പെടുത്തിയുമാണ് രഹാനെ തന്റെ ഇലവനില്‍ പ്രഖ്യാപിച്ചത്.

ഓപ്പണിങ് ജോഡികളായി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും അഭിഷേക് ശര്‍മയേയുമാണ് രഹാനെ തെരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്ത് തിലക് വര്‍മയും നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യയുമാണുള്ളത്. ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലുമാണ് രഹാനെയുടെ ഇലവനില്‍.

മാത്രമല്ല ബൗളിങ് ഓപ്ഷനായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്ഥാനം നേടിയത്. എന്നിരുന്നാലും മലയാളി സൂപ്പര്‍ താരം സഞ്ജുവിനെ പല സീനിയര്‍ താരങ്ങളും തങ്ങളുടെ ഇഷ്ട ഇലവനില്‍ നിന്ന് അവഗണിക്കുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്.

‘സഞ്ജു ഒരു മികച്ച ടീം മാന്‍ ആണ്, പക്ഷേ ടീം മാനേജ്‌മെന്റിന് ഇതൊരു തലവേദനയാണ്. എന്റെ അഭിപ്രായത്തില്‍, സഞ്ജു സാംസണ്‍ പുറത്തിരിക്കാന്‍ സാധ്യതയുണ്ട്, എന്നിരുന്നാലും ഞാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന് കളിക്കാനും പ്ലെയിങ് ഇലവനില്‍ ഇടം നേടാനും സാധിക്കട്ടെയെന്നാണ്. പക്ഷേ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും,’
രഹാനെ പറഞ്ഞു.

രഹാനെയുടെ ഏഷ്യാ കപ്പ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Ajinkya Rahane replaces Sanju Samson in India’s playing XI for Asia Cup

We use cookies to give you the best possible experience. Learn more