| Friday, 23rd October 2026, 7:17 am

മറ്റു ബാറ്റര്‍മാര്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന കാര്യങ്ങളാണ് സഞ്ജു ചെയ്യുന്നത്: അജിന്‍ക്യാ രഹാനെ

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ.

സഞ്ജു ഓരോ ഷോട്ടും കൃത്യമായ ടൈമിങ്ങോടെയാണ് കളിച്ചതെന്നും മറ്റു ബാറ്റര്‍മാര്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന കാര്യങ്ങളാണ് സഞ്ജു മൈതാനത്ത് ചെയ്യുന്നതെന്നും രഹാനെ പറഞ്ഞു. മാത്രമല്ല ഫോമിലായിരിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍ സഞ്ജുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് സഞ്ജു സാംസണ്‍ ഓരോ ഷോട്ടും കൃത്യമായ ടൈമിങ്ങോടെയാണ് കളിച്ചത്. ബാറ്റില്‍ നിന്ന് പന്ത് മിസ്ഹിറ്റായി പോയ ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല. ഓരോ പന്തും ബാറ്റിന്റെ മധ്യഭാഗത്ത് തന്നെ കൊണ്ടാണ് അതിര്‍ത്തി കടന്നത്.

വിമര്‍ശകര്‍ക്ക് സഞ്ജു ശക്തമായ മറുപടിയാണ് നല്‍കുന്നത്. ഇനി വിമര്‍ശകര്‍ക്ക് എന്നെന്നേക്കുമായി മിണ്ടാതിരിക്കേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം കളിച്ച ചില ഷോട്ടുകള്‍ അവിശ്വസനീയമായിരുന്നു. മറ്റു ബാറ്റര്‍മാര്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന കാര്യങ്ങളാണ് സഞ്ജു മൈതാനത്ത് ചെയ്യുന്നത്.

അതുകൊണ്ടാണ് നമ്മുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത്. സഞ്ജുവിന് അസാധാരണമായ പ്രതിഭയുണ്ട്. ഫോമിലായിരിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍ സഞ്ജു തന്നെയാണ്. അദ്ദേഹത്തോട് അടുത്തെത്താന്‍ പോലും മറ്റാര്‍ക്കും കഴിയില്ല.

അദ്ദേഹം പുറത്തായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ രീതിയിലായിരുന്നു. എന്നിരുന്നാലും, സഞ്ജുവിന്റെ ഭാഗത്തുനിന്ന് അത് അതിമനോഹരമായ ഒരു ഇന്നിങ്സ് തന്നെയായിരുന്നു!,’ മത്സര ശേഷം ക്രിക്ബസില്‍ നടന്ന ചര്‍ച്ചയില്‍ അജിന്‍ക്യാ രഹാനെ പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

സഞ്ജു സാംസണ്‍ 33 പന്തില്‍ 67 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. മത്സരത്തിലെ താരമായതും സഞ്ജുവായിരുന്നു. 28 പന്തില്‍ 42 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെയും 14 പന്തില്‍ 24 റണ്‍സ് നേടിയ അക്സര്‍ പട്ടേലിന്റെയും ഇന്നിങ്സുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

Content Highlight: Ajinkya Rahane Praises Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more