ഇതിഹാസതാരം എം.എസ്. ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ. ധോണി വളരെ സാധാരണക്കാരനും അതേസമയം അതീവ ശാന്ത സ്വഭാവക്കാരനാണെന്നും രഹാനെ പറഞ്ഞു. ക്രിക്കറ്റിനെ സംബന്ധിച്ച് എന്ത് കാര്യം ചോദിക്കാനും ധോണിയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘മഹേന്ദ്ര സിങ് ധോണി വളരെ സാധാരണക്കാരനും അതേസമയം അതീവ ശാന്ത സ്വഭാവക്കാരനുമാണ്. അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കും. അതിലൂടെ ടീമിലെ എല്ലാവര്‍ക്കും ഒരു സന്ദേശമാണ് അദ്ദേഹം നല്‍കിയത് ‘ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അകത്ത് കയറി ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാം, ഒന്ന് വിശ്രമിക്കാം’ എന്ന്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ 10-15 പേര്‍ വരെ ഉണ്ടാകുമായിരുന്നു. ചില അവസരങ്ങളില്‍ മുഴുവന്‍ ടീമും ഒരുമിച്ച് അവിടെ ഒത്തുകൂടിയിട്ടുമുണ്ട്,’ സ്റ്റിക്ക് ടു ക്രിക്കറ്റ് പരിപാടിയില്‍ രഹാനെ പറഞ്ഞു.
2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ധോണി. പിന്നീട് ഗാംഗുലിക്ക് ശേഷം ഇന്ത്യയുടെ നായകനായും ധോണി മാറി. മൂന്ന് ഫോര്മാറ്റിലെയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ധോണി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.
ഇന്ത്യക്കായി ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ധോണിയാണ്. 2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ആദ്യ കുട്ടി ക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്. ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ശാന്തനായ ക്യാപ്റ്റനാണ് ധോണി. ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റന്‍സിക്ക് പുറമെ വിക്കറ്റ് കീപ്പിങ്ങിലും അമ്പരപ്പിക്കുന്ന ബാറ്റിങ്ങിലും ഇന്ത്യയുടെ ശക്തിയായിരുന്നു അദ്ദേഹം.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രയ്ക്ക് അടുത്തിടെ വിരാമമിട്ടിരുന്നു. രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.
Content Highlight: Ajinkya Rahane Praises M.S Dhoni