| Saturday, 19th September 2026, 9:25 pm

ഒരു സീനിയർ താരമായ സഞ്ജുവിന് അത് മനസിലാക്കാൻ സാധിക്കും: രഹാനെ

സുദേവ് എ

മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. സഞ്ജു സാംസൺ സ്ഥിരതയോടെ റൺസ് നേടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് രഹാനെ പറഞ്ഞത്. അഭിഷേക് ശർമയ്ക്ക് മികച്ച സപ്പോർട്ട് നൽകി സഞ്ജു കളിച്ചുവെന്നും രഹാനെ പ്രശംസിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു രഹാനെ.

‘സഞ്ജു സാംസൺ സ്ഥിരതയോടെ റൺസ് നേടിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം മികച്ചതായി ബാറ്റ് ചെയ്തു, സഞ്ജു തന്റെ റോളനുസരിച്ച് കളിച്ചു. അഭിഷേക് ശർമ വ്യത്യസ്തമായാണ് ബാറ്റ് ചെയ്തത്. സഞ്ജു സാംസൺ ഒരു സപ്പോർട്ടിങ് റോൾ വഹിക്കേണ്ടി വന്നു. ഒരു സീനിയർ താരത്തിന് ഇത് മനസിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു.

വർഷങ്ങളായി സഞ്ജു മികച്ച പ്രകടനം നടത്തുന്നതിനാൽ അദ്ദേഹം കളിയ്ക്കാൻ അർഹനാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് സ്ഥാനം മാറിക്കൊണ്ടിരുന്നു. ചിലപ്പോൾ 5, 6 പൊസിഷനിൽ ബാറ്റ് ചെയ്യും. ടീമിന് നാലിൽ ആവശ്യമായി വന്നപ്പോൾ അദ്ദേഹം അവിടെ ബാറ്റ് ചെയ്തു. ഒന്ന് മുതൽ ഏഴ് സ്ഥാനം വരെ സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്,’ അജിൻക്യ രഹാനെ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇടം നേടിയ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൽ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു സാംസൺ ഇടം നേടിയിരുന്നില്ല. അയർലാൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. ഇന്ത്യൻ ടീമിന്റെ ഈ തീരുമാനത്തിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു.

Content Highlight: Ajinkya Rahane praise Sanju Samson performance for India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more